ന്യൂഡല്‍ഹി: ജനാധിപത്യം ഭീഷണിയിലാണെന്ന് പറഞ്ഞ് നാല് സുപ്രീം കോടതി ജസ്റ്റിസുമാര്‍ ശബ്ദമുയര്‍ത്തിയപോലെ ജനാധിപത്യത്തിന് വേണ്ടി ഭയം മാറ്റിവെച്ച് കേന്ദ്രമന്ത്രിമാരും ശബ്ദമുയര്‍ത്തണമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ ആവശ്യപ്പെട്ടു. 

നിയമനിര്‍മാണ സഭ ഒത്തുതീര്‍പ്പ് സഭയാവുകയും സുപ്രീം കോടതി ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ ജനാധിപത്യം ഭീഷണിയിലാവും. മുതിര്‍ന്ന സുപ്രീം കോടതി ജസ്റ്റിസുമാര്‍ തന്നെ ജനാധിപത്യം ഭീഷണിയാലാണെന്ന് പറയുമ്പോള്‍ അവരുടെ വാക്കുകളെ നിസ്സാരമായി തള്ളിക്കളയരുത്.

സുപ്രീം കോടതിയുടെ തലവന്‍ ചീഫ് ജസ്റ്റിസ് ആണെന്ന പോലെ കേന്ദ്രമ ന്ത്രിസഭയുടെ തലവനാണ് പ്രധാനമന്ത്രി. പക്ഷെ പല വിഷയങ്ങളും വരുമ്പോള്‍ ആരും പ്രതികരിക്കുന്നില്ല. ഇത് ജനാധിപത്യത്തിന് തിരിച്ചടിയാവും. അതുകൊണ്ട് ജനാധിപത്യ സംരക്ഷണത്തിനായി കേന്ദ്രമന്ത്രിമാര്‍ തന്നെ ആദ്യം ശബ്ദമുയര്‍ത്തണമെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു.

വളരെ ചുരുക്കിയാണ് പല പാര്‍ലമെന്റ് സമ്മേളനങ്ങളും കഴിഞ്ഞുപോവുന്നത്. ഇത്തരത്തിലുള്ള പാര്‍ലമെന്റ് സമ്മേളനങ്ങള്‍ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ഒത്തുതീര്‍പ്പിന്റെ ഭാഗമായാണ് ഇങ്ങനെയുള്ള പാര്‍ലമെന്റ് സമ്മേളനങ്ങള്‍ നടന്ന് പോവുന്നതെന്നും സിന്‍ഹ ആരോപിച്ചു. നോട്ട് നിരോധനം, ജി.എസ്.ടി, കശ്മീര്‍ തുടങ്ങിയ വിഷയങ്ങളിലെല്ലാം ബി.ജെ.പിയുടെ പ്രധാന വിമര്‍ശകനായിരുന്ന സിന്‍ഹ ആദ്യ ബി.ജെ.പി-എന്‍.ഡി.എ സര്‍ക്കാരിലെ ധനമന്ത്രികൂടിയായിരുന്നു.