ന്യൂഡല്‍ഹി:  മോദി സര്‍ക്കാര്‍ എട്ട് കാബിനറ്റ് കമ്മിറ്റികള്‍ പ്രഖ്യാപിച്ചപ്പോള്‍ എട്ടിലും അംഗമായിട്ടുള്ളത് ആഭ്യന്തരമന്ത്രി അമിത് ഷാ മാത്രം. മോദി പോലും ആറ് കമ്മിറ്റികളില്‍ മാത്രമേയുള്ളൂ. മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ക്രമത്തില്‍ മോദിക്ക് പിന്നില്‍ രണ്ടാമത് സത്യവാചകം ചൊല്ലിയത് കഴിഞ്ഞമന്ത്രിസഭയിലെ ആഭ്യന്തരമന്ത്രിയും ഇപ്പോഴത്തെ പ്രതിരോധമന്ത്രിയുമായ രാജ്‌നാഥ് സിങ്ങായിരുന്നു.

കാബിനറ്റ് കമ്മിറ്റകളുടെ പ്രഖ്യാപനം വന്നതോടെ മോദിക്ക് പിന്നില്‍ മന്ത്രിസഭയിലെ രണ്ടാമനാര് എന്ന ചോദ്യത്തിനും കൃത്യമായ ഉത്തരമായിരിക്കുന്നു. അത് മോദിയുടെ വിശ്വസ്തനായ ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ. നിയമനകാര്യങ്ങള്‍ക്കുള്ള കമ്മിറ്റിയില്‍ മോദിയും അമിത് ഷായും മാത്രമേയുള്ളൂ. 

രാജ്‌നാഥ് സിങ് രണ്ട് സബ് കമ്മിറ്റികളില്‍ മാത്രമാണുള്ളത്. ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ ഏഴ് കമ്മിറ്റികളിലുണ്ട്. വാണിജ്യ, റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍ അഞ്ച് കമ്മിറ്റിയിലുണ്ട്‌. നയപരിപാടികള്‍ നിശ്ചയിക്കുന്ന രാഷ്ട്രീയകാര്യങ്ങള്‍ക്കായുള്ള സമിതിയില്‍ രാജ്‌നാഥ് സിങ് ഇല്ല എന്നതാണ് ശ്രദ്ധേയം. സാധാരണ ഗതിയില്‍ പ്രധാനമന്ത്രിയുടെ അഭാവത്തില്‍ കാബിനറ്റിലും രാഷ്ട്രീയകാര്യ സമിതിയിലും അധ്യക്ഷത വഹിക്കുക മന്ത്രിസഭയിലെ രണ്ടാമനായിരിക്കും.

കഴിഞ്ഞ മന്ത്രിസഭയില്‍ പ്രതിരോധം കൈകാര്യം ചെയ്തിരുന്ന നിര്‍മ്മല സീതാരാമന്‍ രാഷ്ട്രീയകാര്യ സമിതിയിലുണ്ടായിരുന്നു. പുതിയ സര്‍ക്കാരില്‍ ഈ കമ്മിറ്റിയില്‍ പക്ഷേ രാജ്‌നാഥ് ഇല്ല. ഇതിലൂടെ കൃത്യമായ സന്ദേശമാണ് മോദി നല്‍കുന്നത്. രണ്ടാമന്‍ അമിത് ഷാ തന്നെ.

Content Highlights: Amit Shah is undisputed No. 2, Cabinet Committees constituted