പശുപതി പരസ് |ഫോട്ടോ:ANI
ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ പുന:സംഘടനയില്‍ ഇടംലഭിക്കുമെന്ന പ്രതീക്ഷയില്‍ പ്രമുഖര്‍. കൂട്ടത്തില്‍ ലിസ്റ്റില്‍ ഉള്‍പ്പെടുമെന്ന് ഏറ്റവും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത് ബിഹാര്‍ എംപിയും എല്‍ജെപി വിമതനുമായ പശുപതി പരസാണ്. തിങ്കളാഴ്ച അദ്ദേഹം പുതിയ കുര്‍ത്ത വാങ്ങുന്നതിനുള്ള ഷോപ്പിങ് തിരക്കിലായിരുന്നു.
മന്ത്രിസഭയിലേക്ക് ക്ഷണം ലഭിച്ചോ, സത്യപ്രതിജ്ഞക്ക് തയ്യാറെടുക്കുകയാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് 'രഹസ്യം രഹസ്യമായിരിക്കട്ടെ' എന്നായിരുന്നു പരസിന്റെ മറുപടി.
എല്‍ജെപി സ്ഥാപകനായ അന്തരിച്ച രാം വിലാസ് പാസ്വാന്റെ സഹോദരനായ പരസ് അടുത്തിടെ പാര്‍ട്ടിയില്‍ ചിരാഗ് പാസ്വാനെതിരെ അട്ടിമറിക്ക് നേതൃത്വം നല്‍കിയിരുന്നു. രാംവിലാസ് പാസ്വാന്റെ മകനായ ചിരാഗിനെ പാര്‍ട്ടിയില്‍ നേതൃസ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്തുകൊണ്ടായിരുന്നു പരസിന്റെ നീക്കങ്ങള്‍. ചിരാഗ് ഒഴികെയുള്ള എല്‍ജെപി എംപിമാര്‍ നിലവില്‍ പരസിനൊപ്പമാണ്.
രാംവിലാസ് പാസ്വാന്‍ മരിച്ചപ്പോള്‍ ഒഴിവ് വന്ന കേന്ദ്ര മന്ത്രിസ്ഥാനം ലക്ഷ്യമിട്ടാണ് പരസിന്റെ നീക്കമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേന്ദ്ര മന്ത്രിസഭയില്‍ ചേരുമെന്ന് അദ്ദേഹം കഴിഞ്ഞ മാസം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ജെഡിയുവിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ചിരാഗിനെ തഴഞ്ഞ് പശുപതി പരസിനെ മന്ത്രിയാക്കാന്‍ ബിജെപിയും ഒരുങ്ങുന്നത്.
ഇതിനിടെ കേന്ദ്ര മന്ത്രിസഭാ പുന:സംഘടന ഈ ആഴ്ച തന്നെ നടക്കുമെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതിനായുള്ള അന്തിമ ഘട്ട ചര്‍ച്ചകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടക്കുകയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..