ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയ്ക്ക് 56 യാത്രാ വിമാനങ്ങള്‍ വാങ്ങാന്‍ കേന്ദ്ര മന്ത്രിസഭയുടെ അനുമതി. ആറു പതിറ്റാണ്ടുമുമ്പ് വ്യോമസേനയുടെ ഭാഗമായ ആവ്‌റോസ് വിമാനങ്ങള്‍ക്കുപകരം പുതിയ എയര്‍ബസ് യാത്രാവിമാനങ്ങള്‍ വാങ്ങാനാണ് തീരുമാനം. 56 സി-295എംഡബ്ല്യു യാത്രാവിമാനങ്ങള്‍ വാങ്ങാന്‍ സ്‌പെയിനിലെ എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്‌പെയിസുമായുള്ള കരാറിനാണ് കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യസമിതി അനുമതി നല്‍കിയത്. 

പുതുതായി വാങ്ങുന്ന 56 വിമാനങ്ങളില്‍ 16 എണ്ണം കരാറില്‍ ഒപ്പിട്ട്‌  48 മാസത്തിനുള്ളില്‍ സ്‌പെയിനില്‍നിന്ന് ലഭിക്കും. പത്തു വര്‍ഷത്തിനുള്ളില്‍ 40 വിമാനങ്ങള്‍ ഇന്ത്യയില്‍ ടാറ്റാ കണ്‍സോര്‍ഷ്യത്തിന്റ നേതൃത്വത്തില്‍ നിര്‍മിക്കുമെന്നും പ്രതിരോധ മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഏകദേശം 21,000 കോടിയോളം രൂപയുടെ ചെലവാണ് ഇതിനായി പ്രതീക്ഷിക്കുന്നത്.

ഇതാദ്യമായാണ് ഇന്ത്യയില്‍ ഒരു സ്വകാര്യ കമ്പനി സൈനിക വിമാനങ്ങള്‍ നിര്‍മിക്കുന്നത്. വ്യോമസേനയുടെ ഭാഗമാകുന്ന 56 സി-295എംഡബ്ല്യു വിമാനങ്ങളിലും ആധുനിക ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങള്‍ ഒരുക്കും. 

content highlglights: Cabinet approves procurement of 56 transport aircraft, 40 to be manufactured in India