നാഗ്പുര്‍: പൗരത്വ ഭേദഗതി നിയമം (സി.എ.എ) ഏതെങ്കിലും പ്രത്യേക മതത്തിനെതിരല്ലെന്നും കുറച്ചുപേര്‍ നമ്മുടെ മുസ്ലിം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. നാഗ്പുരില്‍ ആര്‍എസ്എസ് ആസ്ഥാനത്ത് നടന്ന ദസറ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന് നമ്മള്‍ സാക്ഷ്യം വഹിച്ചു. ഇതിനെ കുറിച്ച് കൂടുതല്‍ ചര്‍ച്ചയാകുന്നതിന് മുമ്പ് നമ്മുടെ ശ്രദ്ധ കൊറോണയിലേക്ക് കേന്ദ്രീകരിച്ചു. അതുകൊണ്ട് തന്നെ കുറച്ച് ആളുകളുടെ മനസ്സില്‍ വർഗ്ഗീയ വിദ്വേഷം നിലനില്‍ക്കുന്നുണ്ട്". കൊറോണ മറ്റെല്ലാ വിഷയങ്ങളേയും മറികടന്നുവെന്നും അദ്ദേഹം പറഞ്ഞു.

'പൗരത്വനിയമം ഏതെങ്കിലും പ്രത്യേക മതത്തിന് എതിരല്ല. എന്നിട്ടും കുറച്ചുപേര്‍ ഈ നിയമത്തിനെതിരെ പ്രതിഷേധിച്ചു. മുസ്ലിംജനവിഭാഗത്തെ നിയന്ത്രിക്കുന്നതിനാണ് ഈ നിയമം കൊണ്ടുവന്നതെന്ന തെറ്റായ  പ്രചാരണത്തിലൂടെ നമ്മുടെ മുസ്ലിംസഹോദരങ്ങളെ വഴിതെറ്റിച്ചു. ഇതേ തുടര്‍ന്ന് കൂടുതല്‍ പ്രതിഷേധമുയര്‍ന്നു' മോഹന്‍ ഭാഗവത് പറഞ്ഞു.

അയോധ്യ വിധി രാജ്യം ഒന്നടങ്കം സ്വീകരിച്ചുവെന്നും ആര്‍എസ്എസ് മേധാവി കൂട്ടിച്ചേര്‍ത്തു. കോവിഡ് ഇന്ത്യയില്‍ വരുത്തിയ നഷ്ടം കുറവാണ്. അതിന് കാരണം രാജ്യത്തിന്റെ ഭരണകൂടം പൊതുജനങ്ങളെ കാര്യങ്ങള്‍ മുന്‍കൂട്ടി അറിയിച്ചു. മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

ചൈന എങ്ങനെയാണ് ഇന്ത്യയുടെ പ്രദേശത്ത് അതക്രമിച്ചുകടക്കുന്നതെന്ന് ലോകം മുഴുവന്‍ സാക്ഷ്യം വഹിച്ചതാണ്. തായ്‌വാന്‍, വിയറ്റ്‌നാം, യുഎസ്,ജപ്പാന്‍,ഇന്ത്യ എന്നീ രാജ്യങ്ങളുമായി ചൈന പോരാട്ടത്തിലാണ്. എന്നാല്‍ ഇന്ത്യയുടെ പ്രതികരണം ചൈനയെ അസ്വസ്ഥരാക്കിയെന്നും മോഹന്‍ ഭാഗവത് അവകാശപ്പെട്ടു.