ഗുവാഹട്ടി: സി.എ.എ. വിരുദ്ധ പ്രക്ഷോഭത്തിന് ജയിലിലടയ്ക്കപ്പെട്ട വിദ്യാര്‍ത്ഥി നേതാവിന്റെ ചിത്രം പൊതുസ്ഥലത്ത് വരച്ചതിന് നാല് ചിത്രകാരന്മാരെയും ഒരു വിദ്യാര്‍ത്ഥി നേതാവിനെയും അസം പോലിസ് അറസ്റ്റ് ചെയ്തു. നാലു മണിക്കൂറിനു ശേഷം ഇവരെ വിട്ടയച്ചെങ്കിലും പോലിസ് ഇവരെക്കൊണ്ട് ചിത്രം മായ്പിച്ചതായി ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.

അസമില്‍ സി.എ.എ. വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ അഖില്‍ ഗൊഗൊയ് എന്ന വിദ്യാര്‍ത്ഥി നേതാവിന്റെ ചിത്രമാണ് അംഗ ആര്‍ട്ട് കളക്റ്റിവ് എന്ന ചിത്രകാരന്മാരുടെ കൂട്ടായ്മ ഗുവാഹട്ടിയിലെ ദേശീയ പാത 37-ലുള്ള സുരക്ഷാ മതിലിന്മേല്‍ വരച്ചത്. അനീതിക്കെതിരെയുള്ള ചെറുത്തുനില്‍പ്പിന്റെ പ്രതീകം എന്ന നിലയ്ക്കാണ് അഖിലിന്റെ ചിത്രം വരച്ചതെന്ന് ചിത്രകാരനും ഡല്‍ഹി കോളേജ് ഒഫ് ആര്‍ട്സിലെ അദ്ധ്യാപകനുമായ ദ്രുപജിത് ശര്‍മ്മ പറഞ്ഞു. 2019 ഡിസംബറില്‍ അറസ്റ്റ് ചെയ്യപ്പെട്ട അഖില്‍ ഇപ്പോഴും ജയിലിലാണ്.

പോലിസുകാരുടെ സാന്നിദ്ധ്യത്തിലാണ് തങ്ങളെക്കൊണ്ട് ചിത്രം മായ്പിച്ചതെന്ന് ശര്‍മ്മ പറഞ്ഞു. ചിത്രം വരയ്ക്കാന്‍ ആറു മണിക്കൂര്‍ എടുത്തെങ്കില്‍, മായ്ച്ചു കളയാന്‍ അഞ്ചു മിനിറ്റേ വേണ്ടി വന്നുള്ളുവെന്നും ശര്‍മ്മ ചൂണ്ടിക്കാട്ടി. പൊതുസ്ഥലത്ത് ചിത്രം വരയ്ക്കണമെങ്കില്‍ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് പറഞ്ഞാണ് പോലിസ് തങ്ങളെ ബുധനാഴ്ച അറസ്റ്റ് ചെയ്തതെന്ന് ശര്‍മ്മ പറഞ്ഞു. 

അതേസമയം,  പൊതുസ്ഥലത്ത് ഭുപെന്‍ ഹസാരികയെപ്പോലുള്ള കലാകരന്മാരുടെ പടം വരയ്ക്കുന്നതിന് പ്രശ്നമില്ലെന്നും എന്നാല്‍ പ്രക്ഷോഭകാരികളുടെ പടം വരയ്ക്കാനാവില്ലെന്നുമാണ് പോലിസിന്റെ നിലപാടെന്നും ശര്‍മ്മ പറഞ്ഞു. പോലിസ് നടപടി ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ നിഷേധമാണെന്ന് അസമിലെ വിദ്യാര്‍ത്ഥി സംഘടനയായ സത്ര മുക്തി സംഗ്രാം സമിതി കുറ്റപ്പെടുത്തി.

Content Highlights: CAA detainee on wall art, Artists arrested in Assam