ലഖ്‌നൗ:ഉത്തര്‍പ്രദേശില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തിനിടയിലുണ്ടായ മരണങ്ങള്‍ക്കെല്ലാം കാരണം പോലീസ് വെടിവെപ്പാണെന്ന ആരോപണവുമായി സമാജ് വാദി പാര്‍ട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്. പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ട മുഹമ്മദ് വാകിലിന്റെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മുഹമ്മദ് പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നില്ല. ആരുടെ തോക്കില്‍ നിന്നുള്ള വെടിയുണ്ടയാണ് മുഹമ്മദിന്റെ ശരീരത്തില്‍ തുളച്ചുകയറിയതെന്ന് സര്‍ക്കാര്‍ അന്വേഷിക്കണം. പോലീസിന്റെ കൈവശം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉണ്ട്. പ്രക്ഷോഭത്തിനിടയില്‍ ഉണ്ടായ എല്ലാ മരണങ്ങളും പോലീസ് വെടിവെപ്പിലുണ്ടായതാണ്.' അഖിലേഷ് പറഞ്ഞു. 

പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'മറ്റുരാജ്യങ്ങളിലെ ജനങ്ങള്‍ക്ക് പൗരത്വം നല്‍കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ എന്തുകൊണ്ടാണ് മുസ്ലീങ്ങള്‍ക്ക് ഈ അവകാശം നിഷേധിക്കുന്നത്? നിങ്ങള്‍ സമൂഹത്തെ ഭിന്നിപ്പിച്ച് രാഷ്ട്രീയം കളിക്കാനാണ് ആഗ്രഹിക്കുന്നത്. എല്ലാ ഇന്ത്യന്‍ പൗരന്മാരും എന്‍ആര്‍സിക്കും സിഎഎയ്ക്കും എതിരാണ്. ആധാറില്‍ എല്ലാ വിവരങ്ങളും ഉള്ളപ്പോള്‍ എന്തിനാണ് എന്‍പിആര്‍?  ഒരു ഗ്രാമത്തില്‍, ആരുടെ കൈയില്‍ രേഖകള്‍ ഉണ്ടാകാനാണ്? എന്റെ അമ്മയുടെ ജനന സര്‍ട്ടിഫിക്കറ്റ് ഞാന്‍ എവിടെ നിന്ന് കൊണ്ടുവരാനാണ്? ജനങ്ങള്‍ രേഖകള്‍ തിരഞ്ഞ് നടക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് അല്ലാതെ ജീവനോപാധി കണ്ടെത്തണമെന്നല്ല.' അഖിലേഷ് പറഞ്ഞു. 

പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചുകൊണ്ട് ബിജെപി നടത്തുന്ന പ്രചാരണ പരിപാടികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'ബിജെപിക്കറിയാം തങ്ങളുടെ തീരുമാനം തെറ്റാണെന്നും ഭരണഘടനയ്ക്ക് എതിരാണെന്നും. അവര്‍ക്ക് പാര്‍ലമെന്റില്‍ ഞങ്ങളെ ബോധ്യപ്പെടുത്താന്‍ സാധിച്ചില്ല. ഇപ്പോള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി സമ്പര്‍ക്കപരിപാടികള്‍ നടത്തുകയാണ്.' അപേക്ഷ പൂരിപ്പിക്കാതെ തന്റെ പാര്‍ട്ടി സത്യാഗ്രഹം നടത്തുമെന്നും അഖിലേഷ് അറിയിച്ചു. 

പ്രക്ഷോഭത്തിനിടയിലുണ്ടായ മരണങ്ങള്‍ക്ക് കാരണം പോലീസ് വെടിവെപ്പല്ലെന്ന് യുപി പോലീസ് ആദ്യം അവകാശപ്പെട്ടിരുന്നു. എന്നാല്‍ ആത്മരക്ഷാര്‍ഥം പോലീസ് വെടിയുതിര്‍ത്തപ്പോള്‍ പ്രക്ഷോഭക്കാര്‍ക്കുള്‍പ്പടെ പരിക്കേറ്റതായി പിന്നീട് അധികൃതര്‍ സമ്മതിച്ചിരുന്നു.  പ്രക്ഷോഭത്തില്‍ 19 പേര്‍ മരണപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകള്‍. എന്നാല്‍ മരണസംഖ്യ അതില്‍ കൂടുതലാണെന്നാണ് പ്രതിപക്ഷപാര്‍ട്ടികള്‍ ആരോപിക്കുന്നത്.

Content Highlights: CAA : All deaths caused by police bullets - AKhilesh Yadav