ന്യൂഡല്‍ഹി: റോബര്‍ട്ട് വദ്രയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ പ്രവാസി വ്യവസായിയും മലയാളിയുമായ സി.സി തമ്പിക്ക് ജാമ്യം. പ്രത്യേക സിബിഐ കോടതിയാണ് ജാമ്യം അനുവദിച്ചത്.

അഞ്ച് ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവെക്കണമെന്ന് പ്രത്യേക സിബിഐ കോടതി ജഡ്ജി അരവിന്ദ് കുമാര്‍ നിര്‍ദ്ദേശിച്ചു. രണ്ട് ആള്‍ജാമ്യവും നല്‍കണം.

ഫെബ്രുവരി ഏഴുവരെയാണ് തമ്പിയെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നത്. കസ്റ്റഡി നീട്ടണമെന്ന എന്‍ഫോഴ്‌സ്‌മെന്റിന്റെ ആവശ്യം കോടതി തള്ളി. തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്.

കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയുടെ സഹായിയാണ് തമ്പി. വദ്രയുടെ സ്വത്തുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹിയില്‍ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തിയ ശേഷമാണ് തമ്പിയെ അറസ്റ്റു ചെയ്തത്.

Content Highlights: C.C Thampi bailed out by Delhi court