ഉപതിരഞ്ഞടുപ്പ്: നേട്ടം ബി.ജെ.പിക്ക്, ഏഴില്‍ നാല് സീറ്റ് ജയിച്ചപ്പോള്‍ രണ്ടിടത്ത് രണ്ടാം സ്ഥാനം


അരുണ്‍ സാബു

കോണ്‍ഗ്രസിന് 2 സിറ്റിങ് സീറ്റ് നഷ്ടം, സീറ്റ് നിലനിര്‍ത്തി പ്രാദേശിക പാര്‍ട്ടികള്‍

പ്രതീകാത്മചിത്രം | Photo : ANI

ന്യൂഡല്‍ഹി: ആറു സംസ്ഥാനങ്ങളിലായി ഏഴ് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് നേട്ടം. നാലു മണ്ഡലങ്ങളില്‍ ജയിച്ചപ്പോള്‍ രണ്ട് മണ്ഡലത്തില്‍ ബി.ജെ.പി. രണ്ടാം സ്ഥാനത്തെത്തി. കോണ്‍ഗ്രസിന് ഹരിയാണയിലും തെലങ്കാനയിലും രണ്ട് സിറ്റിങ് സീറ്റുകള്‍ നഷ്ടമായി. നേതാക്കളുടെ കൂറുമാറ്റം കാരണമായിരുന്നു രണ്ടിടത്തും തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇതില്‍ ഹരിയാണയില്‍ രണ്ടാമതെത്തിയെങ്കിലും തെലങ്കാനയില്‍ മൂന്നാം സ്ഥാനത്തായി.

പ്രതിപക്ഷ നിരയില്‍നിന്ന് പ്രാദേശിക പാര്‍ട്ടികളായ ആര്‍.ജെ.ഡിയും ടി.ആര്‍.എസും ശിവസേന ഉദ്ധവ് താക്കറെ വിഭാഗവും ഓരോ സീറ്റുവീതം നേടി. ബിഹാറിലും ഒഡീഷയിലും ഉത്തര്‍പ്രദേശിലും പ്രാദേശിക പാര്‍ട്ടികളോട് നേരിട്ട് ഏറ്റുമുട്ടിയ ബി.ജെ.പി.ക്ക് ഒരുസീറ്റിലൊഴികെ ജനവിധി അനുകൂലമായി.എന്നാല്‍, കോണ്‍ഗ്രസ് എം.എല്‍.എ.യെ മറുകണ്ടം ചാടിച്ച് ബി.ജെ.പി. തെലങ്കാനയില്‍ നടത്തിയ നീക്കങ്ങള്‍ അവിടുത്തെ ഭരണകക്ഷിയായ ടി.ആര്‍.എസിനുമുമ്പില്‍ ഫലം കണ്ടില്ല. എങ്കിലും രണ്ടാമതെത്താനായി.

ബിഹാറില്‍ ഗോപാല്‍ഗഞ്ച്, മൊകാമ എന്നീ രണ്ടു മണ്ഡലങ്ങളിലേക്കും തെലങ്കാനയില്‍ മുനുഗോഡെ, ഉത്തര്‍പ്രദേശില്‍ ഗോല ഗോകര്‍ണ നാഥ്, ഹരിയാണയില്‍ ആദംപുര്‍, ഒഡീഷയില്‍ ധാംനഗര്‍, മഹാരാഷ്ട്രയില്‍ അന്ധേരി ഈസ്റ്റ് എന്നീ മണ്ഡലങ്ങളിലേക്കും കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു വോട്ടെടുപ്പ് നടന്നത്. ഫലം ഞായറാഴ്ച പ്രഖ്യാപിച്ചു.

ബിഹാര്‍

ബിഹാറില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ടുമണ്ഡലങ്ങളില്‍ ബി.ജെ.പി.യും ആര്‍.ജെ.ഡിയും സീറ്റുകള്‍ നിലനിര്‍ത്തി. ബി.ജെ.പിയുടെ മുന്‍ എം.എല്‍.എ. സുഭാഷ് സിങ്ങിന്റെ നിര്യാണത്തെത്തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന ഗോപാല്‍ഗഞ്ചില്‍ അദ്ദേഹത്തിന്റെ ഭാര്യ കുസുംദേവി രണ്ടായിരത്തില്‍ത്താഴെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ബി.ജെ.പിയുടെ 'ബി ടീമെന്ന്' മഹാസഖ്യം ആരോപിച്ച മജ്ലിസ് പാര്‍ട്ടിയും ബി.എസ്.പിയും ചേര്‍ന്ന് ഇവിടെ 20,000-ലേറെ വോട്ടുപിടിച്ചു. മൊകാമയില്‍, ആയുധ കേസില്‍ അയോഗ്യനാക്കപ്പെട്ട സിറ്റിങ് എം.എല്‍.എ. ആനന്ദ് കുമാര്‍ സിങ്ങിന്റെ ഭാര്യ നീലം ദേവി 16,000-ല്‍പരം വോട്ടിനാണ് ബി.ജെ.പി. സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്.

എന്‍.ഡി.എ. സര്‍ക്കാരിനെ വീഴ്ത്തി ഓഗസ്റ്റില്‍ ആര്‍.ജെ.ഡി.-ജെ.ഡി.യു. മഹാസഖ്യം അധികാരമേറ്റതിനുശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. ജെ.ഡി.യു. കൂടുവിട്ടെങ്കിലും ഗോപാല്‍ഗഞ്ചില്‍ ജയിക്കാനായതും 30 വര്‍ഷത്തിനിടെ ആദ്യമായി മത്സരിച്ച മൊകാമയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനായതും ബി.ജെ.പി. നേട്ടമായാണ് കണക്കാക്കുന്നത്.

ഹരിയാണ

കോണ്‍ഗ്രസില്‍നിന്ന് എം.എല്‍.എ.യായിരുന്ന കുല്‍ദീപ് ബിഷ്ണോയ് രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നതിനാല്‍ ഉപതിരഞ്ഞെടുപ്പ് നടന്ന ആദംപുരില്‍ ബി.ജെ.പി. ജയിച്ചു. മുന്‍ മുഖ്യമന്ത്രി ഭജന്‍ലാലിന്റെ കൊച്ചുമകനും കുല്‍ദീപിന്റെ മകനുമായ ഭവ്യ ബിഷ്ണോയ് 15,500-ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ മുന്‍ കേന്ദമന്ത്രി ജയ് പ്രകാശിനെ പരാജയപ്പെടുത്തിയത്. മുന്നണികള്‍ മാറിയിരുന്നെങ്കിലും 1968 മുതല്‍ ഭജന്‍ ലാലിന്റെ കുടുംബമാണ് ആദംപുര്‍ മണ്ഡലത്തില്‍നിന്ന് സ്ഥിരമായി വിജയിക്കുന്നത്. ഇക്കുറിയും പതിവ് തെറ്റിയില്ല. കഴിഞ്ഞ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കൂറുമാറി വോട്ടുചെയ്തതിന് കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കപ്പെട്ട കുല്‍ദീപ് ഓഗസ്റ്റിലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

മഹാരാഷ്ട്ര

അന്ധേരി ഈസ്റ്റ് നിയമസഭാ മണ്ഡലത്തില്‍ പ്രതീക്ഷിച്ചതുപോലെ ശിവസേനയുടെ (ഉദ്ധവ്) റുതുജ ലട്കെ 64,959 വോട്ടിന് വിജയിച്ചു. എം.എല്‍.എ. ആയിരുന്ന രമേഷ് ലട്കെയുടെ മരണത്തെത്തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ മത്സരിക്കുന്നതിനാല്‍ ബി.ജെ.പിയും ശിവസേന ഷിന്ദെ വിഭാഗവും സ്ഥാനാര്‍ഥികളെ പിന്‍വലിച്ചിരുന്നു. വേറെയും ആറ് സ്ഥാനാര്‍ഥികള്‍ ഉണ്ടായിരുന്നെങ്കിലും രണ്ടായിരത്തില്‍ത്താഴെ വോട്ടുമാത്രമേ നേടാനായുള്ളൂ. എന്നാല്‍, രണ്ടാം സ്ഥാനത്തുള്ള നോട്ടയ്ക്ക് 12,806 വോട്ടു ലഭിച്ചു. ഇത് ബി.ജെ.പിയുടെ പ്രചാരണം കാരണമാണെന്നാണ് ഉദ്ധവ് പക്ഷത്തിന്റെ ആരോപണം.

ഒഡീഷ

ബി.ജെ.പി. എം.എല്‍.എ. ബിഷ്ണു ചരണ്‍ സേഥിയുടെ മരണത്തെത്തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന ധാംനഗര്‍ ബി.ജെ.പി. നിലനിര്‍ത്തി. പാര്‍ട്ടി സ്ഥാനാര്‍ഥി സൂര്യബന്‍ഷി സൂരജ്, ബിജു ജനതാദള്‍ സ്ഥാനാര്‍ഥിയെ 9881 വോട്ടിനാണ് പരാജയപ്പെടുത്തിയത്. സ്വതന്ത്രനായി മത്സരിച്ച ബി.ജെ.ഡി. വിമതന്റെയും പിന്നിലായി നാലാമതെത്തിയ കോണ്‍ഗ്രസിന് ഇവിടെ 2.18 ശതമാനം വോട്ടുമാത്രമേ പെട്ടിയിലാക്കാനായുള്ളൂ.

ഉത്തര്‍പ്രദേശ്

കര്‍ഷകസമരത്തിനിടെ നാലു കര്‍ഷകര്‍ കൊല്ലപ്പെട്ടതോടെ ശ്രദ്ധാകേന്ദ്രമായ ലഖിംപുര്‍ ഖേരി ലോക്സഭാ മണ്ഡലത്തിനു കീഴില്‍ വരുന്ന ഗോലാ ഗോകര്‍ണ നാഥില്‍ ബി.ജെ.പി. സീറ്റു നിലനിര്‍ത്തി. മുന്‍ എം.എല്‍.എ. അരവിന്ദ് ഗിരിയുടെ മരണത്തെത്തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന ഇവിടെ അദ്ദേഹത്തിന്റെ മകന്‍ അമന്‍ ഗിരിയായിരുന്നു ബി.ജെ.പി. സ്ഥാനാര്‍ഥി. സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥി വിനയ് തിവാരിയെ 34,000-ലേറെ വോട്ടിനാണ് തോല്‍പ്പിച്ചത്. കോണ്‍ഗ്രസും ബി.എസ്.പിയും സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല.

തെലങ്കാന

കോണ്‍ഗ്രസ് എം.എല്‍.എ. കെ. രാജഗോപാല്‍ റെഡ്ഡി രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നതിനാല്‍ ഉപതിരഞ്ഞെടുപ്പ് നടന്ന തെലങ്കാനയിലെ മുനുഗോഡെ മണ്ഡലത്തില്‍ നാടകീയമായി ടി.ആര്‍.എസ്. സ്ഥാനാര്‍ഥി കെ. പ്രഭാകര്‍ റെഡ്ഡി വിജയിച്ചു. ബി.ജെ.പി. സ്ഥാനാര്‍ഥിയായി മത്സരിച്ച രാജഗോപാല്‍ റെഡ്ഡി പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തോറ്റത്. സിറ്റിങ് സീറ്റില്‍ മൂന്നാമതായിപ്പോയ കോണ്‍ഗ്രസിന് ആകെ പോള്‍ ചെയ്തതിന്റെ 10.5 ശതമാനം വോട്ടുമാത്രമേ നേടാനായുള്ളൂ. വിജയപ്രതീക്ഷയിലായിരുന്ന ബി.ജെ.പിയും വാശിയേറിയ പോരാട്ടത്തില്‍ അവസാനം തോല്‍വി രുചിച്ചു. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തെലങ്കാനയിലുള്ളപ്പോഴാണ് തിരഞ്ഞെടുപ്പ് നടന്നതും ഫലം വന്നതെന്നതും ശ്രദ്ധേയം.

Content Highlights: Bypolls six satates BJP Congress


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented