മമതാ ബാനർജി
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മത്സരിക്കുന്ന ഭവാനിപുര്‍ ഉപതിരഞ്ഞെടുപ്പ് റദ്ദാക്കാനാവില്ലെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. ഉപതിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. സെപ്റ്റംബർ 30 വ്യാഴാഴ്ചയാണ് ഭവാനിപുര്‍ ഉപതിരഞ്ഞെടുപ്പ്.
നവംബര്‍ അഞ്ചിനകം നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കില്‍ മമതയ്ക്കു മുഖ്യമന്ത്രിസ്ഥാനം നഷ്ടമാകും. ഇതിനിടെയാണ് ഭവാനിപുര്‍ ഉള്‍പ്പെടെ, ബംഗാളിലും ഒഡീഷയിലുമായി 4 നിയമസഭാ മണ്ഡലങ്ങളില്‍ ഈ മാസം 30ന് തിരഞ്ഞെടുപ്പു നടത്താന്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനിച്ചത്. കമ്മിഷന്റെ തീരുമാനം ചോദ്യം ചെയ്തായിരുന്നു പൊതുതാല്‍പര്യ ഹര്‍ജി.
ബംഗാള്‍ സര്‍ക്കാരിന്റെ പ്രത്യേക അഭ്യര്‍ഥനയും ഭരണഘടനാപരമായ അടിയന്തര സാഹചര്യവും പരിഗണിച്ചാണ് ഭവാനിപുരില്‍ 30ന് ഉപതിരഞ്ഞെടുപ്പ് നടത്താന്‍ നിശ്ചയിച്ചത് എന്നായിരുന്നു കേസില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. ബംഗാള്‍ ചീഫ് സെക്രട്ടറിയാണ് ഉപതിരഞ്ഞെടുപ്പ് നടത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ഥിച്ചത്.
ഈ വര്‍ഷം ഏപ്രില്‍-മേയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി തന്റെ കോട്ടയായ ഭവാനിപുരില്‍ നിന്നും മാറി നന്ദിഗ്രാമില്‍ നിന്നാണ് മത്സരിച്ചത്. എന്നാല്‍ ബിജെപിയുടെ സുവേന്ദു അധികാരിയോട് 1956 വോട്ടുകള്‍ക്ക് തോറ്റു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും മമത തന്നെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സ്ഥനത്തേക്ക് എത്തുകയായിരുന്നു. ഒരു സംസ്ഥാന നിയമസഭയിലോ പാര്‍ലമെന്റിലോ അംഗമല്ലാത്ത ഒരാള്‍ക്ക് ആറുമാസം മാത്രം തിരഞ്ഞെടുക്കപ്പെടാതെ മന്ത്രിസ്ഥാനത്ത് തുടരാന്‍ ഭരണഘടന അനുവദിക്കുന്നതിനാല്‍ മുഖ്യമന്ത്രിയുടെ കസേരയില്‍ തന്നെ തുടരാന്‍ തൃണമൂല്‍ മമതയ്ക്ക് ഇപ്പോള്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടേണ്ടത് അഭിമാനപ്രശ്നമാണ്.
മമതയ്ക്ക് മത്സരിക്കുന്നതിനായി ഭവാനിപുരില്‍ നിന്ന് വിജയിച്ച ടി.എം.സി അംഗം നിയമസഭാംഗത്വം രാജിവെച്ചതിനു പിന്നാലെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. സെപ്തംബര്‍ 30ന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലം ഒക്ടോബര്‍ മൂന്നിന് പ്രഖ്യാപിക്കും.
Content Highlights: Bypoll That Mamata Banerjee Will Contest Won't Be Cancelled: High Court
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..