പ്രധാനമന്ത്രി നരേന്ദ്രമോദി | Photo:ANI
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം, ഭഗവദ്ഗീതയുടെ പകര്‍പ്പ്, 25,000 ഇന്ത്യന്‍ പൗരന്മാരുടെ പേരുകള്‍ എന്നിവ വഹിച്ചുകൊണ്ടുളള സ്വകാര്യ കൃത്രിമോപഗ്രഹം വിക്ഷേപണത്തിന് ഒരുങ്ങുന്നു. ഫെബ്രുവരി അവസാനത്തോടെയായിരിക്കും വിക്ഷേപണം.
'ദ സതീഷ് ധവാന് സാറ്റലൈറ്റ്'എന്നറിയപ്പെടുന്ന ഉപഗ്രഹം പിഎസ്എല്‍വി റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ ബഹിരാകാശശാസ്ത്രത്തോടുളള താല്പര്യം വര്‍ധിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സ്പേസ്കിഡ്സ് ഇന്ത്യ എന്ന സംഘടനയാണ് നാനോസാറ്റ്ലൈറ്റ് വികസിപ്പിച്ചിരിക്കുന്നത്. ബഹിരാകാശത്തെ കുറിച്ചുളള പഠനങ്ങള്‍ക്കായുളള മൂന്ന് പേലോഡുകളും ഉപഗ്രഹത്തിൽ ഉണ്ടായിരിക്കും.
തങ്ങള്‍ വിക്ഷേപിക്കുന്ന ആദ്യ ഉപഗ്രഹമാണ് ഇതെന്ന് സ്പേസ്കിഡ്സ് ഇന്ത്യ സ്ഥാപകയും സിഇഒയുമായ ഡോ.ശ്രീമതി കേശന് പറഞ്ഞു. ദൗത്യത്തിന് അന്ത്യരൂപം നല്‍കിയതിന് ശേഷമാണ് ആളുകളോട് പേരുകള്‍ അയയ്ക്കാനായി ആവശ്യപ്പെട്ടത്. ആദ്യ ആഴ്ചയില്‍ തന്നെ 25,000 പേരുകള്‍ ലഭിച്ചതായി ഡോ.ശ്രീമതി പറഞ്ഞു. 25,000 പേരുകളില്‍ 1000 പേരുകള്‍ ഇന്ത്യക്ക് പുറത്ത് താമസിക്കുന്നവരുടേതാണ്. ബഹിരാകാശ ശാസ്ത്രത്തില്‍ ആളുകള്‍ക്ക് താല്പര്യം ജനിപ്പിക്കുന്നതിനും ദൗത്യത്തെ ജനകീയമാക്കുന്നതിനും വേണ്ടിയാണ് ആളുകളുടെ പേരുകള്‍ ക്ഷണിച്ചതെന്നും ഡോ.ശ്രീമതി പറയുന്നു. പേരുകള്‍ അയച്ച ആളുകള്‍ക്ക് ബോഡിങ് പാസ് കൈമാറിയിട്ടുണ്ട്.
ആത്മനിര്‍ഭര്‍ ഭാരത് എന്ന വാക്കുകള്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും പേരും ടോപ് പാനലില്‍ പതിച്ചിട്ടുണ്ട്. ഈ ഉപഗ്രഹം പൂര്‍ണമായും വികസിപ്പിച്ചെടുത്തതും നിര്‍മിച്ചതും ഇന്ത്യയിലാണ്. ബോട്ടം പാനലില്‍ ഐ.എസ്.ആര്.ഒ. ചെയര്‍പേഴ്സണ്‍ ഡോ.കെ.ശിവന്, സയന്റിഫിക് സെക്രട്ടറി ഡോ.ആര്.ഉമാമഹേശ്വരന് എന്നിവരുടെ പേരുകളും ആലേഖനം ചെയ്തിട്ടുണ്ട്.
Content Highlights: By the end of February an Indian satellite carrying PM Modi's Photo, Bhagavad Gita will be launched into space
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..