File Photo - PTI
ന്യൂഡല്‍ഹി: 2025 ല്‍ നടപ്പാക്കാനുദ്ദേശിക്കുന്ന 25/25 മോഡലിനുവേണ്ട മുന്നൊരുക്കങ്ങളോടെ ഓഫീസിലെത്താന്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്കി ഐ.ടി കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍സീസസ്. പുതിയ പദ്ധതി നടപ്പാക്കുന്നതോടെ 25 ശതമാനത്തില്‍ താഴെ ജീവനക്കാര്‍ക്ക് മാത്രമെ ഓഫീസിലെത്തി ജോലി ചെയ്യേണ്ടിവരൂ എന്നാണ് കമ്പനി പറയുന്നത്. ജീവനക്കാര്‍ അവരുടെ ജോലി സമയത്തിന്റെ 25 ശതമാനത്തിലധികം ഓഫീസില്‍ ചിലവഴിക്കേണ്ടി വരില്ലെന്നും ടിസിഎസ് വക്താവ് പറഞ്ഞു.
കോവിഡ് പശ്ചാത്തലത്തില്‍ നിലവില്‍ കമ്പനിയുടെ അഞ്ച് ശതമാനം ജീവനക്കാര്‍ മാത്രമാണ് ഓഫീസുകളില്‍ ജോലി ചെയ്യുന്നത്. 2021 അവസാനത്തോടെ ജീവനക്കാരെ ഓഫീസില്‍ തിരിച്ചെത്താന്‍ പ്രോത്സാഹിപ്പിക്കും. 25/25 മോഡല്‍ നടപ്പാക്കുന്നതിന് മുന്നോടിയായി ആയിരിക്കും ഇത്. അതിനുശേഷം പുതിയ രീതിയിലേക്ക് ഘട്ടംഘട്ടമായി മാറാനാണ് ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ന്റെ നീക്കം.
നവംബര്‍ 15-ഓടെ ഓഫീസുകളില്‍ തിരിച്ചെത്താന്‍ ടിസിഎസ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ലോകം മുഴുവന്‍ കോവിഡ് കേസുകള്‍ വന്‍തോതില്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ ആയിരുന്നു ഇത്. 25/25 മോഡല്‍ ആദ്യഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തിലാവും നടപ്പാക്കുക. കാര്യക്ഷമമായി നടപ്പാക്കാന്‍ ഏതാനും വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. ഭാവിയെ മുന്നില്‍ക്കണ്ടുള്ള പദ്ധതിക്കാണ് തുടക്കം കുറിക്കാന്‍ ഉദ്ദേശിക്കുന്നത് എന്നാണ് ടി.സി.എസ് അവകാശപ്പെടുന്നത്.
രാജ്യത്തെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് വാക്സിനേഷന് ദൗത്യമാണ് തങ്ങള്‍ നടത്തിയതെന്നാണ് ടിസിഎസ് പറയുന്നത്. ജീവനക്കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും കോവിഡ് വാക്സിന് നല്കി. രാജ്യത്തെ 70 ശതമാനത്തിലധികം ടിസിഎസ് ജീവനക്കാരും രണ്ട് ഡോസ് വാക്സിനും എടുത്തവരാണ്. 95 ശതമാനത്തില്‍ അധികം പേര്‍ക്കും ഒരു ഡോസ് വാക്സിന് ലഭിച്ചിട്ടുണ്ട്.
Content Highlights: By 2025 employees need to spend 25% of their time in office - TCS
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..