ഭോപ്പാല്‍: പശുക്കളെ സംരക്ഷിക്കുമെന്ന കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം വോട്ടുനേടാന്‍ മാത്രമുള്ളതാണെന്ന് മധ്യപ്രദേശിലെ ബി.ജെ.പി എം.എല്‍.എ രമേശ്വര്‍ ശര്‍മ. മധ്യപ്രദേശിലെ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം പരിഹാസ്യമാണെന്ന് അദ്ദേഹം എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേരളത്തില്‍ പരസ്യമായി കശാപ്പ് നടത്തിയകാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. കശാപ്പുകാര്‍ പശുക്കളെ സംരക്ഷിക്കുമെന്ന് പറയുന്നതുപോലെയാണ് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമെന്നും അദ്ദേഹം പരിഹസിച്ചു.

മധ്യപ്രദേശിലെ എല്ലാ പഞ്ചായത്തിലും ഗോശാലകള്‍ സ്ഥാപിക്കുമെന്ന് ശനിയാഴ്ച പുറത്തിറക്കിയ പ്രകടന പത്രികയില്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. പരിക്കേറ്റ കാലികളെ സംരക്ഷിക്കുമെന്നും വാഗ്ദാനം നല്‍കിയിരുന്നു. ഇതിനെതിരെയാണ് ബി.ജെ.പി എം.എല്‍.എ രംഗത്തെത്തിയത്. കശാപ്പ് നിരോധന നീക്കത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂരില്‍ കശാപ്പ് നടത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശം.