ഭോപ്പാല്‍: മധ്യപ്രദേശിലെ മുന്‍ ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ ലൈംഗിക വിവാദങ്ങള്‍ പുറത്തുകൊണ്ടുവന്ന മാധ്യമസ്ഥാപനത്തിന്റെ ഉടമസ്ഥന്‍ ഗുജറാത്തില്‍ അറസ്റ്റിലായി. വ്യവസായിയും ഒരു കാലത്ത് കോണ്‍ഗ്രസിലും ബിജെപിയിലും സ്വാധീനം ചെലുത്താന്‍ തക്ക ബന്ധങ്ങള്‍ ഉണ്ടായിരുന്ന ജിത്തു സോണിയാണ്‌ അറസ്റ്റിലായത്. 

ഇയാള്‍ക്കെതിരെ ഭൂമി തട്ടിയെടുക്കല്‍, ഭീഷണിപ്പെടുത്തല്‍, ബലാത്സംഗം, കവര്‍ച്ച, തട്ടിപ്പ് എന്നീ വിഷയങ്ങളിലായി നാല്‍പ്പതോളം കേസുകള്‍ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു.  ജിത്തു സോണിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ 1.6 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നതായും ഗുജറാത്തിലെ അമ്രേലി ജില്ലയില്‍ വെച്ചാണ് ഇയാള്‍ അറസ്റ്റിലായതെന്നും പോലീസ് പറയുന്നു.

മധ്യപ്രദേശിലെ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും രാഷ്ട്രീയത്തണലില്‍ വളര്‍ന്ന ജീത്തു സോണി രാഷ്ട്രീയസ്വാധീനമുള്ള ബിസിനസുകാരനായിരുന്നു.

മധ്യപ്രദേശില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ പുറത്തുവന്ന ലൈംഗികാപവാദത്തേ സംബന്ധിച്ച ലേഖനങ്ങള്‍ ജിത്തു സോണിയുടെ ഉടമസ്ഥതയിലുള്ള ടാബ്ലോയ്ഡ് പത്രം പ്രസിദ്ധീകരിച്ചിരുന്നു. അന്നത്തെ ശിവരാജ്‌സിങ് ചൗഹാന്‍ സര്‍ക്കാരിന്റെ മുതിര്‍ന്ന ഉപദേശകനടക്കം ഉള്‍പ്പെട്ട വിവാദത്തെ സംബന്ധിച്ച ലേഖനങ്ങള്‍ മധ്യപ്രദേശിലെ പോലീസ്-ഉദ്യോഗസ്ഥ കേന്ദ്രങ്ങളെ ഞെട്ടിക്കുന്നവയായിരുന്നു.

തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നുവെങ്കിലും ജിത്തു സോണിയുടെ മധ്യപ്രദേശിലെ ഡാന്‍സ് ബാര്‍, രണ്ട് ബംഗ്ലാവുകള്‍, ഹോട്ടല്‍, റെസ്‌റ്റോറന്റ് തുടങ്ങി നിരവധി ഇടങ്ങളില്‍ പോലീസ് റെയ്ഡ് നടത്തുകയും ഇയാളുടെ മൂന്ന് സ്ഥാപനങ്ങള്‍ പൊളിച്ചുകളയുകയും ചെയ്തിരുന്നു. 

ലൈംഗികവിവാദവുമായി ബന്ധപ്പെട്ട് അഞ്ച് സ്ത്രീകളും ഒരു പുരുഷനും നേരത്തെ അറസ്റ്റിലായിരുന്നു. ശബ്ദരേഖകള്‍, വീഡിയോ ക്ലിപ്പുകള്‍, സോഷ്യല്‍ മീഡിയ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ എന്നിവയടക്കം നാലായിരത്തോളം രേഖകള്‍ പോലീസ് കണ്ടെടുത്തിരുന്നു. ഇവയുപയോഗിച്ച് ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും സംഘം ബ്ലാക്ക്‌മെയില്‍ ചെയ്തിരുന്നതായാണ് വിവരങ്ങള്‍. 

Content Highlights: Businessman Whose Tabloid Published Madhya Pradesh Sex Tapes Arrested