ന്യൂഡല്‍ഹി: നാല് പ്രതികളെയും ഒടുവില്‍ തൂക്കിലേറ്റി. രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസിലെ വര്‍ഷങ്ങള്‍ നീണ്ട നിയമ നടപടികള്‍ക്ക് ഇതോടെ അവസാനമായി. 'ആ ക്രൂരമൃഗങ്ങളെ തൂക്കിലേറ്റിയതോടെ ഞങ്ങള്‍ക്ക് നീതി ലഭിച്ചു'വെന്നാണ് നിര്‍ഭയയുടെ അമ്മ ആശാദേവി വധശിക്ഷ നടപ്പാക്കിയതിനോട് പ്രതികരിച്ചത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഡിസംബര്‍ 16 ന് രാത്രി നടന്ന ക്രൂരതയുടെ നടുക്കുന്ന ഓര്‍മയുണര്‍ത്തി ആ ബസ് ഇപ്പോഴും വെസ്റ്റ് ഡല്‍ഹിയിലുള്ള സാഗര്‍പൂരിലെ ഡമ്പ്‌യാഡിലുണ്ട്.

BUS
Photo: PTI 

തകര്‍ന്ന ചില്ലുകളും അഴുകിയ സീറ്റുകളുമായി പൊടിപിടിച്ച നിലയിലാണ് ഇന്ന് ആ ബസ്. ഞാന്‍ ഈ ബസ്സിനെ വെറുക്കുന്നുവെന്ന് ആരോ അതില്‍ എഴുതിയിട്ടുണ്ട്. ബസ് തകര്‍ക്കാനും തീവെക്കാനും പലരും ശ്രമിച്ചിരുന്നു. എന്നാല്‍ ഫോറന്‍സിക് തെളിവുകള്‍ ശേഖരിക്കുന്നതിനാണ് ബസ് ഏറെക്കാലും സംരക്ഷിച്ചത്. ആണ്‍ സുഹൃത്തിനൊപ്പം മുനിര്‍ക്ക ബസ് സ്റ്റാന്‍ഡില്‍ കാത്തുനിന്ന നിര്‍ഭയയ്ക്ക് മുന്നിലേക്കാണ് വെള്ള നിറമുള്ള ആ ബസ് എത്തിയത്.

BUS
Photo: PTI 

രാജ്യത്തിന്റെ മനഃസാക്ഷിയെ ഉലച്ച സംഭവം പുറംലോകം അറിഞ്ഞതിന് പിന്നാലെ ബസ് കണ്ടെത്താനുള്ള ശ്രമമാണ് അന്വേഷണ സംഘം ആദ്യം നടത്തിയത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ഡല്‍ഹി ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരെ പുലര്‍ച്ചെ വിളിച്ചുണര്‍ത്തി ബസ്സിന്റെ വിവരങ്ങള്‍ ആരാഞ്ഞുവെന്ന് മുന്‍ പോലീസ് കമ്മീഷണര്‍ നീരജ് കുമാര്‍ ഖാക്കി ഫയല്‍സ് എന്ന പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. ദേശീയ പാതയോരത്തെ ഹോട്ടലുകളിലെയും ഗസ്റ്റ് ഹൗസുകളിലെയും സിസിടിവി ദൃശ്യങ്ങള്‍ അരിച്ചുപെറുക്കിയാണ് ഒടുവില്‍ അന്വേഷണ സംഘം ബസ് കണ്ടെത്തിയത്.

Content Highlights: Bus in which Nirbhaya was gangraped; decaying in dump yard