ലഖ്‌നൗ: കുടിയേറ്റ തൊഴിലാളികളെ സംസ്ഥാനത്തേക്ക് തിരികെ കൊണ്ടുപോകുന്നതിനായി 1000 ബസുകളുടെ പട്ടിക നല്‍കിയ വിഷയത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിനും പ്രിയങ്ക ഗാന്ധിയുടെ പേഴ്സണല്‍ സെക്രട്ടറിക്കെതിരേയും ഉത്തര്‍പ്രദേശ് പോലീസ് കേസെടുത്തു. 

ലഖ്നൗവിലെ ഹസ്രത്ഗഞ്ച് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ ഐപിസി 420, 467, 468 വകുപ്പുകള്‍ പ്രകാരം വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നിവയ്ക്കാണ് കേസെടുത്തിരിക്കുന്നത്. ചട്ടപ്രകാരം ആവശ്യമായ അനുമതി വാങ്ങാതെ കുടിയേറ്റ തൊഴിലാളികളുമായി ഉത്തര്‍പ്രദേശിലേക്ക് ബസുകള്‍ ഓടിച്ചതിനും നേതാക്കള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

കുടിയേറ്റ തൊഴിലാളികളെ മടക്കിക്കൊണ്ടുവരാനായി കോണ്‍ഗ്രസ് നല്‍കിയ ബസുകളുടെ പട്ടികയില്‍ ഇരുചക്രവാഹനങ്ങള്‍, കാറുകള്‍, മുച്ചക്ര വാഹനങ്ങള്‍ എന്നിവയുടെ രജിസ്‌ട്രേഷന്‍ നമ്പറുകള്‍ ഉണ്ടായിരുന്നുവെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആരോപിച്ചിരുന്നു. പട്ടികയിലുള്ള പല ബസുകള്‍ക്കും സാധുവായ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും ഇന്‍ഷുറന്‍സ് പേപ്പറുകളും ഇല്ലെന്നും പറഞ്ഞിരുന്നു. 

പ്രിയങ്ക ഗാന്ധി സമര്‍പ്പിച്ച 1,000 ബസുകളുടെ പട്ടികയില്‍ 79 എണ്ണം തികച്ചും സഞ്ചാരയോഗ്യമല്ലാത്തതിനാല്‍ തന്നെ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പട്ടികയില്‍ കാലഹരണപ്പെട്ട ഫിറ്റ്‌നസ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റുകളുള്ള 297 ബസുകളുണ്ട്. ബസുകളല്ലാത്ത നൂറോളം വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ പട്ടികയിലുണ്ട്. അവ ആംബുലന്‍സുകള്‍, മുച്ചക്ര വാഹനങ്ങള്‍, ട്രക്കുകള്‍, മറ്റ് വാഹനങ്ങള്‍ എന്നിവയാണെന്ന് കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.

 

Content Highlights: Bus for migrants: Priyanka Gandhi's aide, UP Congress chief booked for forgery