കൂനൂര്‍: ഊട്ടി-കൂനൂര്‍ റോഡില്‍ മന്തലാടയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ്‌ ഏഴ് പേര്‍ മരിച്ചു. വ്യാഴാഴ്ച രാവിലെ 11.30 ഓടെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ 34 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു.

പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റവരെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. 

സര്‍ക്കാര്‍ ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട്‌ 50 അടി താഴ്ചയിലേക്ക്‌ മറിയുകയായിരുന്നു. പതിനഞ്ച്‌ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഊട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

കനത്ത മഴയെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടിരിക്കുകയാണെന്നും മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും കലക്ടര്‍ ജെ. ഇന്നസെന്റ് ദിവ്യ പറഞ്ഞു.