Photo Courtesy: Facebook| Kerala State Disaster Management Authority - KSDMA
ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറെവി ചുഴലിക്കാറ്റ് തീരം തൊട്ടു. ട്രിങ്കോമാലിക്ക് വടക്കു പടിഞ്ഞാറ് അറുപതു കിലോമീറ്റര്‍ അകലെയാണ് ബുറെവി തീരം തൊട്ടത്. കഴിഞ്ഞ ആറു മണിക്കൂറായി മണിക്കൂറില്‍ 12 കി.മീ. വേഗതയില്‍ പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 9.0° N അക്ഷാംശത്തിലും 80.8°E രേഖാംശത്തിലും എത്തിയിട്ടുണ്ട്. ഇത് കന്യാകുമാരിയില്‍ നിന്ന് ഏകദേശം 380 കിമീ ദൂരത്തിലുമാണ്.
ചുഴലിക്കാറ്റ് ഡിസംബര്‍ മൂന്നിന് പുലര്‍ച്ചെയോടെ ഗള്‍ഫ് ഓഫ് മാന്നാര്‍, കന്യാകുമാരി (കോമോറിന്‍) മേഖലയില്‍ എത്തും. മൂന്നാം തിയതി ഉച്ചയോടെ പാമ്പന്‍ തീരത്തെത്തുമ്പോള്‍ ചുഴലിക്കുള്ളിലെ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ ഏകദേശം 70 മുതല്‍ 80 കിമീ വരെയും ചില അവസരങ്ങളില്‍ 90 കി.മീ. വരെയും ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തെക്കന്‍ കേരളം -തെക്കന്‍ തമിഴ്‌നാട് തീരങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റ് സാധ്യത മുന്നറിയിപ്പ് (Cyclone Alert) പ്രഖ്യാപിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘങ്ങള്‍ തമിഴ്‌നാട്ടില്‍ എത്തിയിട്ടുണ്ട്. കന്യാകുമാരി, തൂത്തുക്കുടി, നാഗപട്ടണം എന്നിവിടങ്ങളില്‍ എന്‍.ഡി.ആര്‍.എഫിന്റെ രണ്ട് സംഘങ്ങള്‍ വീതവും രാമനാഥപുരം, തിരുനെല്‍വേലി എന്നിവിടങ്ങളില്‍ മൂന്ന് സംഘങ്ങളെ വീതും വിന്യസിച്ചിട്ടുണ്ട്. മധുരൈയിലും കൂടല്ലൂരിലും ഓരോ സംഘത്തെയുമാണ് നിയോഗിച്ചിട്ടുള്ളത്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ ബുള്ളറ്റിന്‍ പ്രകാരം ബുറേവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദമായി (Deep Depression) ഡിസംബര്‍ നാലിന് കേരളത്തില്‍ പ്രവേശിക്കാനുള്ള സാധ്യതയുണ്ട്. ആയതിനാല്‍ അതീവ ജാഗ്രത പാലിക്കേണ്ടതാണെന്ന് കെ.എസ്.ഡി.എം.എ. അറിയിച്ചിട്ടുണ്ട്.
ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. വിലക്ക് എല്ലാതരം മത്സ്യബന്ധന യാനങ്ങള്‍ക്കും ബാധകമായിരിക്കും. നിലവില്‍ മല്‍സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ എത്രയും പെട്ടെന്ന് തന്നെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തിച്ചേരേണ്ടതാണ്. ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അനുമതി നല്‍കുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ അനുവദിക്കുന്നതല്ല.
ഡിസംബര്‍ മൂന്നു നാലു തീയതികളില്‍ കേരളത്തില്‍ പലയിടത്തും അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡിസംബര്‍ മൂന്നിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ അതിതീവ്ര മഴ ലഭിക്കാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നു. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആവശ്യമായ തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിക്കുന്നു.
content highlights: burevi cyclone updates
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..