ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര ഒഴിയുന്ന രാജ്യതലസ്ഥാനത്തെ സര്‍ക്കാര്‍ വസതി ബിജെപി മാധ്യമ വിഭാഗം തലവനും എംപിയുമായ അനില്‍ ബലൂനിക്ക് ലഭിക്കും. ന്യൂഡല്‍ഹിയിലെ 35 ലോധി എസ്‌റ്റേറ്റ് വസതിയിലേക്ക് മാറാന്‍ ബലൂനിക്ക് നിര്‍ദ്ദേശം ലഭിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടുചെയ്തു. രണ്ടു മാസത്തിനകം ബലൂനിക്ക് പുതിയ ഔദ്യോഗിക വസതിയിലേക്ക് താമസം മാറാം. അറ്റകുറ്റപ്പണികള്‍ എന്തെങ്കിലും നടത്തേണ്ടതുണ്ടെങ്കില്‍ വീടുമാറ്റം വൈകും.

പ്രിയങ്കയ്ക്ക് സര്‍ക്കാര്‍ വസതി അനുവദിച്ചിരുന്നത് കഴിഞ്ഞ ശനിയാഴ്ചയാണ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത്. നിലവില്‍ പ്രിയങ്കയ്ക്ക് എസ്പിജി സംരക്ഷണം ഇല്ലാത്തതിനാല്‍ ഇപ്പോള്‍ താമസിക്കുന്ന വസതിയില്‍ തുടരാനുള്ള അര്‍ഹത അവര്‍ക്കില്ലെന്ന് ബന്ധപ്പെട്ട മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു.

സഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ളവര്‍ക്ക് സര്‍ക്കാര്‍ വസതിയില്‍ തുടരാന്‍ നിലവിലെ ചട്ടങ്ങള്‍ പ്രകാരം സാധിക്കില്ല. അല്ലെങ്കില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക ശുപാര്‍ശവേണം. ബിജെപി മാധ്യമ വിഭാഗം തലവനായ ബലൂനി നിലവില്‍ ഗുരുദ്വാര റാകാബ് ഗഞ്ച് റോഡിലെ 20-ാം നമ്പര്‍ വസതിയിലാണ് താമസിക്കുന്നത്. ഓഗസ്റ്റ് ഒന്നിനകം വസതി ഒഴിയണമെന്നാണ് പ്രിയങ്കയോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

ലഖ്‌നൗവിലെ ഷീലാ കൗള്‍ ഹൗസിലേക്ക് വൈകാതെ താമസം മാറാനാണ് പ്രിയങ്കയുടെ നീക്കം. 2022 ല്‍ വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ലഖ്‌നൗവിലേക്ക് താമസം മാറ്റാന്‍ പ്രിയങ്ക നേരത്തെതന്നെ തീരുമാനിച്ചിരുന്നുവെന്നും ഇതേത്തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പുതന്നെ ഷീലാ കൗള്‍ ഹൗസിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയിരുന്നു എന്നുമാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.

Content Highlights: Bungalow that Priyanka will vacate allocated to Anil Baluni MP