ഗുവഹാത്തി: അസമിലെ കോണ്‍ഗ്രസ് എംഎല്‍എയ്ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും നേരെ വെടിവെപ്പ്. അയല്‍സംസ്ഥാനമായ നാഗാലാന്‍ഡുമായി അതിര്‍ത്തിപങ്കിടുന്ന പ്രദേശത്തെ വനമേഖല സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് എംഎല്‍എ രൂപ് ജ്യോതി കുര്‍മിയ്ക്കും അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നവര്‍ക്കും നേര്‍ക്ക് ആക്രമണമുണ്ടായത്. നാഗാലാന്‍ഡിന്റെ അതിര്‍ത്തി പ്രദേശത്ത് നിന്നാണ് ഇവര്‍ക്ക് നേരെ വെടിവെപ്പുണ്ടായതെന്ന് മുതിര്‍ന്ന പോലീസുദ്യോഗസ്ഥന്‍ അറിയിച്ചു. 

ദോസ്സോയി താഴ് വരയിലെ സംരക്ഷിത വനമേഖലയില്‍ നടക്കുന്ന അനധികൃത കയ്യേറ്റം പരിശോധിക്കാനെത്തിയതിനിടെയായിരുന്നു ആക്രമണമെന്ന് എന്ന് പോലീസ് വ്യക്തമാക്കി. എംഎല്‍എയും സംഘവും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റാതായാണ് റിപ്പോര്‍ട്ട്.  

വെടിവെപ്പില്‍ നിന്ന് എംഎല്‍എയും കൂട്ടരും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ പുറത്തു വന്നു. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ അന്വേഷണം നടത്താനും സാഹചര്യം വിലയിരുത്താനും നിര്‍ദേശിച്ചിട്ടുണ്ട്. 

നാഗാലാന്‍ഡ് അതിര്‍ത്തി പ്രദേശത്ത് രണ്ട് പതിറ്റാണ്ടിലേറെയായി അതിര്‍ത്തി തര്‍ക്കവും വെടിവെപ്പും പതിവാണ്. എംഎല്‍എയ്ക്ക് നേരെ വെടിവെപ്പുണ്ടായ വനഭാഗം തര്‍ക്കമേഖലയാണെന്ന് ജോര്‍ഹത് ജില്ലാ പോലീസ് മേധാവി അങ്കുര്‍ ജയിന്‍ പറഞ്ഞു. അതിര്‍ത്തി പ്രദേശത്തെ ഗ്രാമീണര്‍ പരിഭ്രാന്തരായതിനെ തുടര്‍ന്ന് നടത്തിയ ആക്രമണമാണിതെന്ന് പിന്നീട് വ്യക്തമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Bullets Whiz Past Assam Congress MLA Others Amid Gunfire At State Border