ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിടെ കൊല്ലപ്പെട്ട പോലീസുകാരനെ മഴുകൊണ്ട് വെട്ടിയ ആൾ പിടിയിലായി. കേസിലെ പ്രധാന പ്രതികളിലൊരാളായ കാലുവ ആണ് പിടിയിലായത്. ഇയാള്‍ മഴു ഉപയോഗിച്ച് പോലീസ് ഉദ്യോഗസ്ഥനായ സുബോധ്കുമാറിന്റെ കയ്യിലും തലയിലും വെട്ടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇതിന് ശേഷമാണ്  പ്രശാന്ത് നട്ട് എന്നയാൾ സുബോധ് കുമാറിന് നേരെ വെടിയുതിര്‍ത്തതെന്നും പോലീസ് വെളിപ്പെടുത്തി.പ്രശാന്ത് നട്ട് കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.

പശുവിന്റെ ജഡാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനുപിന്നാലെ പൊട്ടിപ്പുറപ്പെട്ട ആള്‍ക്കൂട്ട ആക്രമണം നിയന്ത്രിക്കാനെത്തിയ ഇന്‍സ്പെക്ടര്‍ സുബോധ് കുമാറിനെയും സംഘത്തെയും ആള്‍ക്കൂട്ടം ആക്രമിക്കുകയായിരുന്നു. വാഹനത്തിന്റെ അകത്താണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. 20കാരനായ പ്രദേശവാസിയും കലാപത്തില്‍ കൊല്ലപ്പെട്ടിരുന്നു. 

ഇന്‍സ്പെക്ടര്‍ സുബോധ് കുമാറിന്റെ തോക്ക് തട്ടിയെടുത്ത ജോണി എന്നയാള്‍ക്ക് വേണ്ടിയും തിരച്ചില്‍ നടക്കുന്നുണ്ട്. അക്രമത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോയില്‍ നിന്നാണ് പോലീസ് ഇയാളെ തിരിച്ചറിഞ്ഞത്. അക്രമത്തിന്റെ സൂത്രധാരനെന്ന് കരുതപ്പെടുന്ന ബജറംഗ്ദള്‍ നേതാവ് യോഗേഷ് രാജിനെ ഇപ്പോഴും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. കേസില്‍ നേരത്തെ അറസ്റ്റിലായ സൈനികന്‍ ജിതേന്ദ്ര മാലിക്ക് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

content highlights: Bulandshahr Murder, Accused Who Attacked With Axe Arrested