പ്രതീകാത്മക ചിത്രം | Mathrubhumi archives
ന്യൂഡല്‍ഹി: വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള വിധി നടപ്പാക്കുന്നുള്ള പ്രായോഗിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയുടെ നിരീക്ഷണം. വിധി നടപ്പാക്കുമ്പോള്‍ ഓരോ സ്ഥലത്തെയും യഥാര്‍ഥ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് ബി.ആര് ഗവായ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. പരിസ്ഥിതിയെ സംരക്ഷിക്കണം എന്ന കാര്യത്തില്‍ എല്ലാവര്ക്കും ഒരേ അഭിപ്രായമാണ്. എന്നാല്‍ അതിന്റെ പേരില്‍ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി നിര്‍ത്തി വയ്ക്കാനാകില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.
വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കികൊണ്ട് ജൂണ്‍ മൂന്നിന് സുപ്രീം കോടതി പുറപ്പടിവിച്ച വിധിയില്‍ ഇളവ് ആവശ്യപ്പെട്ടുള്ള അപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസ് ബി.ആര് ഗവായ്, ജസ്റ്റിസ് വിക്രം നാഥ് എന്നിവര്‍ അടങ്ങിയ ബെഞ്ച് സുപ്രധാനമായ നിരീക്ഷണം നടത്തിയത്. നഗരങ്ങള്‍ക്ക് ഉള്ളില്‍ വനമായി വിജ്ഞാപനം ചെയ്ത സ്ഥലങ്ങള്‍ ഉണ്ട്. സുപ്രീം കോടതി വിധി ഈ മേഖലകളില്‍ നടപ്പാക്കിയാല്‍ അത് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
രാജസ്ഥാനിലെ ജയ്പൂര്‍ നഗരത്തില്‍നിന്ന് വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയില്‍ സംരക്ഷിത വനമേഖലയുണ്ട്. ഈ മേഖലയില്‍ ബഫര്‍ സോണ്‍ വിധി ശക്തമായി നടപ്പാക്കിയാല്‍ റോഡ് പൊളിക്കേണ്ടി വരുമെന്നും കോടതി ചൂണ്ടിക്കാട്ടി. ചില വന മേഖലകളെ ബഫര്‍ സോണ്‍ വിജ്ഞാപനത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കാവുന്നതാണെന്ന് കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അഭിപ്രായപ്പെട്ടു. ഇക്കാര്യം അമിക്കസ് ക്യുറി കെ പരമേശ്വറുമായി ചര്‍ച്ച ചെയ്യുമെന്നും തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ബഫര്‍ സോണ്‍ വിധിയില്‍ ഭേദഗതി ആവശ്യപ്പെട്ട് കേന്ദ്രം നല്കിയ അപേക്ഷ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയില്‍ പുനഃപരിശോധന ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.
Content Highlights: Buffer zone Supreme Court
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..