അസ്സമിലെ റോങ്ജുലി വന മേഖല |AFP
ന്യൂഡല്‍ഹി: വന്യ ജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റും ഒരുകിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ വിധിയില്‍ ഇളവ് തേടി കേന്ദ്രം നല്കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ കേരളം സുപ്രീം കോടതിയില്‍ അപേക്ഷ ഫയല്‍ ചെയ്തു. കരട്, അന്തിമ വിജ്ഞാപനങ്ങള്‍ ഇറങ്ങിയ മേഖലകളില്‍ ബഫര്‍ സോണ്‍ വിധി നടപ്പാക്കുന്നതില്‍ നിന്ന് ഇളവ് അനുവദിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യത്തെ പിന്തുണച്ചാണ് കേരളത്തിന്റെ നീക്കം.
കേരളത്തിലെ 17 വന്യ ജീവി സങ്കേതങ്ങളുടെയും ആറ് ദേശീയ സംരക്ഷിത ഉദ്യാനങ്ങളുടെയും ബഫര്‍ സോണ്‍ സംബന്ധിച്ച ശിപാര്‍ശ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് കേരളം കൈമാറിയിട്ടുണ്ട്. ഇതില്‍ പെരിയാര്‍ ദേശീയ ഉദ്യാനം, പെരിയാര്‍ വന്യജീവി സങ്കേതം എന്നിവയിലൊഴിച്ച് മറ്റ് എല്ലാത്തിലും കേന്ദ്രം കരട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. മതികെട്ടാന്‍ ദേശീയ ഉദ്യാനത്തിന് ചുറ്റുമുള്ള ബഫര്‍ സോണ്‍ സംബന്ധിച്ച് കേന്ദ്രം അന്തിമ വിജ്ഞാപനവും ഇറക്കിയിട്ടുണ്ട്. 23 സംരക്ഷിത മേഖലകള്‍ക്ക് ഇളവ് തേടിയാണ് സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ ജൂണ്‍ മൂന്നിലെ ഉത്തരവ് പരിഷ്കരിച്ച്, ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്കിയ അപേക്ഷ ജനുവരി പതിനൊന്നിന് പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് ബി.ആര്. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്രത്തിന്റെ ഹര്‍ജി പരിഗണിക്കുന്നത്. കരട്, അന്തിമ വിജ്ഞാപനങ്ങള്‍ ഇറങ്ങിയ മേഖലകള്‍ക്ക് പുറമെ, സര്‍ക്കാരിന്റെ പരിഗണനയിലിരിക്കുന്ന വിജ്ഞാപനങ്ങള്‍ ഉള്‍പ്പെടുന്ന മേഖലകള്‍ക്ക് കൂടി ഇളവ് അനുവദിക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. അതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചാല്‍ ജനങ്ങളുടെ ആശങ്ക പൂര്‍ണ്ണമായും മാറുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ.
സീനിയര്‍ അഭിഭാഷകരുടെ നിയമ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ അപേക്ഷയില്‍ കക്ഷിചേരാനുള്ള സംസ്ഥാനത്തിന്റെ നീക്കം. സ്റ്റാന്റിങ് കോണ്‍സല്‍ നിഷേ രാജന് ഷൊങ്കര്‍ ആണ് കേരളത്തിന്റെ കക്ഷിചേരല്‍ അപേക്ഷ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്.
Content Highlights: Buffer zone-Kerala approaches Supreme Court seeking exemption for 23 zones
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..