മായാവതി | Photo : ANI
ലഖ്നൗ: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിനെ പിന്തുണയ്ക്കുമെന്ന് ബഹുജന്‍ സമാജ് വാദി പാര്‍ട്ടി (ബിഎസ്പി) അധ്യക്ഷ മായാവതി വ്യക്തമാക്കി. ബിഎസ്പിയുടെ പ്രവര്ത്തനലക്ഷ്യങ്ങളില് ഗോത്രസമൂഹം പ്രധാനപങ്ക് വഹിക്കുന്നതിനാലാണ് ആദിവാസിനേതാവായ ദ്രൗപദി മുര്‍മുവിനെ പിന്തുണയ്ക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷകക്ഷി സ്ഥാനാര്‍ഥിയായി യശ്വന്ത് സിന്‍ഹയെ തിരഞ്ഞെടുത്തതില്‍ ബിഎസ്പിയുടെ അഭിപ്രായം തേടാത്തതില്‍ മായാവതി അതൃപ്തി പ്രകടിപ്പിച്ചു. രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ആദ്യഘട്ട ചര്‍ച്ചയ്ക്ക് ചുരുക്കം ചില രാഷ്ടീയകക്ഷികളെ മാത്രമാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ക്ഷണിച്ചതെന്നും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ ചര്‍ച്ചയില്‍ നിന്ന് ബിഎസ്പിയെ മാറ്റി നിര്‍ത്തിയതായും മായാവതി കുറ്റപ്പെടുത്തി. സര്‍വസമ്മതനായ ഒരു സ്ഥാനാര്‍ഥിയെ ഐക്യകണ്ഠേന തിരഞ്ഞെടുത്തതായി പ്രതിപക്ഷം നടിക്കുകയാണെന്നും മായാവതി ആരോപിച്ചു.
ദളിത് വിഭാഗത്തെ പ്രതിനിധീകരിക്കുന്ന ഒരേയൊരു ദേശീയരാഷ്ട്രീയകക്ഷിയാണ് ബിഎസ്പിയെന്നും ബിസിനസ്സുകാരുമായി മാത്രം ഇടപാടുകളുള്ള ബിജെപിയേയോ കോണ്‍ഗ്രസിനേയോ പോലുള്ള പാര്‍ട്ടിയല്ല തന്റേതെന്നും മായാവതി പറഞ്ഞു.
സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെട്ട വിഭാഗക്കാര്‍ക്ക് വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയാണ് ബിഎസ്പിയെന്നും താഴെക്കിടക്കാര്ക്ക് വേണ്ടി ശക്തമായ തീരുമാനങ്ങളെടുക്കാന്‍ ഏതെങ്കിലും രാഷ്ട്രീയകക്ഷി തയ്യാറായാല്‍ അനന്തരഫലങ്ങള്‍ മുഖവിലയ്ക്കെടുക്കാതെ ആ രാഷ്ട്രീയകക്ഷിയെ പിന്തുണയ്ക്കാന്‍ ബിഎസ്പി തയ്യാറാണെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..