ബെംഗളൂരു: കര്‍ണാടകത്തിലെ കൂട്ടുകക്ഷി മന്ത്രിസഭയിലെ ഏക ബി.എസ്.പി അംഗം എന്‍. മഹേഷ് രാജിവെച്ചു. രാജസ്ഥാന്‍, മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി പ്രഖ്യാപിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് രാജി.

എന്നാല്‍, വ്യാക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്നും ജെ.ഡി.എസ് - കോണ്‍ഗ്രസ് സഖ്യത്തില്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചു. മണ്ഡലത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയുമാണ് തന്റെ ലക്ഷ്യം. സ്ഥിരമായി ബെംഗളൂരുവില്‍ ഉണ്ടാകേണ്ടതിനാല്‍ സ്വന്തം മണ്ഡലമായ കൊള്ളെഗലില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

നവംബര്‍ മൂന്നിന് സംസ്ഥാനത്തെ മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും രണ്ടു നിയമസഭാ മണ്ഡലങ്ങളിലേക്കും നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജനതാ ദള്‍ എസിനായി പ്രചാരണം നടത്തും. മായാവതിയുമായി കൂടിയാലോചിച്ചല്ല തന്റെ രാജിയെന്നും അദ്ദേഹം പറഞ്ഞു. എച്ച്.ഡി.കുമാരസ്വാമി മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നു എന്‍.മഹേഷ്. കുമാരസ്വാമിയെ നേരില്‍ക്കണ്ടാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്.