ന്യൂഡല്‍ഹി: പ്രധാനമന്ത്രിയോട് അനാദരവ് കാണിച്ചെന്നാരോപിച്ച് ജവാന്റെ ഒരാഴ്ചത്തെ ശമ്പളം വെട്ടിക്കുറച്ച ഉത്തരവ് ബിഎസ്എഫ് പിന്‍വലിച്ചു. ദിനംപ്രതിയുള്ള പരിശീലനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിന് മുന്നില്‍ 'ശ്രീ' ഉപയോഗിക്കാത്തതിനാണ് ബിഎസ്എഫ് ജവാനായ സഞ്ജീവ് കുമാറിനെ ഒരാഴ്ചത്തെ ശമ്പളം വെട്ടിക്കുറച്ച് ശിക്ഷിച്ചത്. പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ ഉത്തരവ് ബി.എസ്.എഫ് അടിയന്തിരമായി പിന്‍വലിച്ചത്. 

കഴിഞ്ഞ മാസം 21ന് പശ്ചിമ ബംഗാളിലെ ബിഎസ്എഫ് പതിനഞ്ചാം ബറ്റാലിയന്റെ ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നടന്ന ദൈനംദിന വ്യായാമ പരിപാടിക്കിടെയാണ് സഞ്ജയിന്റെ ശമ്പളം വെട്ടിക്കുറക്കുന്നതിലേക്ക് നയിച്ച സംഭവമുണ്ടായത്. ഒരു റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതിനിടെ 'മോദി പ്രോഗ്രാം' എന്ന് ഉപയോഗിച്ചതാണ് സഞ്ജയ്ക്ക് വിനയായത്.

ശ്രീ എന്നോ ബഹുമാനപ്പെട്ട എന്നോ ചേര്‍ക്കാതെ പ്രധാനമന്ത്രിയുടെ പേര് ഉപയോഗിച്ചത് അച്ചടക്കലംഘനമാണെന്ന് കണ്ടെത്തി ബറ്റാലിയന്‍ കമാന്‍ഡ് ഓഫീസര്‍ അനുപ് ലാല്‍ ഭഗത് സഞ്ജയ്ക്കെതിരേ നടപടിയെടുക്കുകയായിരുന്നു. ഏഴ് ദിവസം ശമ്പളം ഫൈനായി അടക്കുക എന്നതായിരുന്നു ശിക്ഷ.

സംഭവം ശ്രദ്ധയില്‍പ്പെട്ടയുടനെ പ്രധാനമന്ത്രി ഇക്കാര്യത്തില്‍ അതൃപ്തി അറിയിക്കുകയും അടിയന്തരമായി നടപടി പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.