ന്യൂഡല്‍ഹി: അതിര്‍ത്തി കാക്കുന്ന ഒരു പട്ടാളക്കാരന്‍ തന്റെ മുപ്പത് വര്‍ഷത്തെ സേവനത്തിനിടയില്‍ ശരാശരി അഞ്ചു വര്‍ഷം മാത്രമാണ് കുടുംബത്തോടൊപ്പം ചിലവഴിക്കുന്നത്. ഇത് പട്ടാളക്കാര്‍ക്ക് ഏറെ മാനസിക സമ്മര്‍ദ്ദവും പ്രയാസവുമുണ്ടാക്കുന്നുവെന്ന് ദീര്‍ഘനാളായുള്ള പരാതിയാണ്. രാജ്യത്തുടനീളം 190 ഗസ്റ്റ്ഹൗസുകള്‍ തയ്യാറാക്കി ഇതിന് പരിഹാരം കാണാന്‍ ശ്രമിക്കുകയാണ് ഇപ്പോള്‍ ബിഎസ്എഫ്. പുതുതായി വിവാഹം കഴിക്കുന്ന ജവാന്മാര്‍ക്കായിട്ടാണ്‌ പ്രധാനമായും ഈ പദ്ധതി.

കിഴക്ക്-പടിഞ്ഞാറന്‍ അതിര്‍ത്തി മേഖലയിലെ എട്ടോളം ഇടങ്ങളിലായി 2,800 ഓളം മുറികളാണ്‌ ബിഎസ്എഫ് നിര്‍മിച്ച് കൊണ്ടിരിക്കുന്നത്. ജവാന്‍മാര്‍ക്ക് അവരുടെ കുടുംബവുമൊത്ത് കൂടുതല്‍ സമയം ചിലവഴിക്കാന്‍ അവസരം നല്‍കുന്നത്  മാനസിക സമ്മര്‍ദ്ദവും കുടുംബ പ്രശ്‌നങ്ങളും കുറയ്ക്കാന്‍ സഹായിക്കുമെന്ന് ബിഎസ്എഫ് ഡയറക്ടര്‍ കെ.കെ.ശര്‍മ്മ പറഞ്ഞു. 

രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 192 ഗസ്റ്റ്ഹൗസുകളാണ് തുറക്കുന്നത്. പുതുതായി വിവാഹം കഴിഞ്ഞ ആളുകള്‍ക്കാണ് ഈ സൗകര്യത്തിന് മുന്‍ഗണ നല്‍കുക. ഓഫീസര്‍മാര്‍ക്കും സബ് ഓഫീസര്‍മാര്‍ക്കും ഇങ്ങനെയുള്ള ഒരു സൗകര്യം നിലവിലുണ്ടെങ്കിലും കോണ്‍സ്റ്റബിള്‍, ഹെഡ്‌കോണ്‍സ്റ്റബിള്‍ റാങ്കിലുള്ളവര്‍ക്ക് ഇത്തരത്തിലൊരു സൗകര്യം ഉണ്ടായിരുന്നില്ല. ഒരോ ബറ്റാലിയനും ലഭ്യമാകുന്ന തരത്തില്‍ സ്വതന്ത്രമായ ബെഡ്‌റൂമുകളുള്ള ഗസ്റ്റ്ഹൗസുകള്‍ നിര്‍മ്മിക്കുമെന്നും ബിഎസ്എഫ് ഡയറക്ടര്‍ പറഞ്ഞു.

അടുക്കള, കുളിമുറി, ടെലിവിഷന്‍ തുടങ്ങിയ സൗകര്യങ്ങളും ഇതില്‍ ഉണ്ടാകും. പുതുതായി വിവാഹം കഴിഞ്ഞവര്‍ക്ക് ഒരു നിശ്ചിത കാലയളവില്‍ പങ്കാളിയെ കൂടെ താമസിപ്പിക്കുന്നതിനും അനുമതി നല്‍കും. ഗസ്റ്റ്ഹൗസിലെ 15 റൂമുകള്‍ക്ക് പൊതുവായിട്ട് ഒരു സ്വീകരണമുറിയായിരിക്കും ഉണ്ടാകുക. അവധിക്കാലങ്ങളില്‍ ഭാര്യമാരേയും മക്കളേയും കൊണ്ടുവരുന്നതിനും നിശ്ചിത കാലയളവില്‍ അനുമതി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെട്ടിടസമുച്ചയം നിര്‍മ്മിക്കാനുള്ള നിര്‍ദ്ദേശത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അടുത്തിടെയാണ് അനുമതി നല്‍കിയത്.

Content Highlights: BSF to set up 190 guest house