ജമ്മു/ന്യൂഡല്‍ഹി: രാജ്യാന്തര അതിര്‍ത്തിക്ക് സമീപം പാക് സൈനികര്‍ ബിഎസ്എഫ് ജവാനെ വെടിവെച്ചുകൊന്ന ശേഷം കഴുത്തറുത്ത് പാക് സൈന്യത്തിന്റെ ക്രൂരത. കണ്ണുകള്‍ രണ്ടും ചൂഴ്‌ന്നെടുത്ത നിലയിലായിരുന്നു അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

രാംഗാര്‍ഹ് പ്രവിശ്യയിലാണ് അതിക്രൂര്യവും നിന്ദ്യവുമായ സംഭവം ഉണ്ടായത്. ബിഎസ്എഫ് പാക് സൈനികര്‍ക്കെതിരെ ശക്തമായ പരാതി ഉന്നയിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവമെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

ഹെഡ്‌കോണ്‍സ്റ്റബിള്‍ നരേന്ദര്‍ കുമാറിന്റെ മൃതദേഹമാണ് കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ മൂന്ന്  വെടിയുണ്ടകള്‍ തറച്ച പാടുമുണ്ട്. ഇന്ത്യാ-പാക് അതിര്‍ത്തിയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം അറിഞ്ഞ് ആറ് മണിക്കൂറുകള്‍ക്ക് ശേഷവും പ്രതികരിക്കാന്‍ പാകിസ്താന്‍ തയ്യാറായിട്ടില്ല.

നരേന്ദര്‍ കുമാറിനെ കാണാതായതിനെത്തുടര്‍ന്ന് തെരച്ചില്‍ നടത്താന്‍ പാകിസ്താന്‍ റേഞ്ചേഴ്‌സിനോട് ബിഎസ്എഫ് സഹായം തേടിയിരുന്നു. എന്നാല്‍ അവര്‍ പൂര്‍ണമായി സഹകരിക്കാന്‍ തയ്യാറാകാതെ പ്രദേശത്തെ ജലസേചന സംവിധാനത്തില്‍ വന്ന തകരാറിന്റെ പേര് പറഞ്ഞ് തിരികെപ്പോവുകയായിരുന്നു. 

അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നടന്ന അതിക്രൂരതയെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും പാകിസ്താനുമായി ചര്‍ച്ച നടത്തുമെന്നും സര്‍ക്കാരിനെയും വിദേശകാര്യമന്ത്രാലയത്തെയും ഉദ്ധരിച്ച് മിലിട്ടറി ഓപ്പറേഷണല്‍ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. അതിര്‍ത്തിക്കു സമീപത്തെ കാട് വെട്ടിത്തെളിക്കാന്‍ എത്തിയ ബിഎസഎഫ് സംഘത്തിന് നേരെ ചൊവ്വാഴ്ച്ച രാവിലെ പത്തേമുക്കാലോടെ വെടിവെയ്പ് ഉണ്ടായതായാണ് റിപ്പോര്‍ട്ട്.

content highlights: BSF, Soldier's Throat Slit By Pak Troops, Near International Border