കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിന്ന്  ബംഗ്ലാദേശിലേക്ക് അനധികൃതമായി കടത്തികൊണ്ടുപോകാന്‍ ശ്രമിച്ച അപൂര്‍വ്വ ഇനം പക്ഷികളെ പിടികൂടി. ബിഎസ്എഫ് സംഘമാണ് കള്ളക്കടത്ത് സംഘത്തില്‍ നിന്ന് പക്ഷികളെ പിടിച്ചെടുത്തത്. 14,21,000 രൂപ വിലവരുന്ന അപൂര്‍വ്വ ഇനത്തില്‍ പെട്ട ടൂക്കെയിൻ പക്ഷികളെയാണ് പിടികൂടിയത്. ഇവയെ കൊല്‍ക്കത്തയിലെ അലിപുര്‍ മൃഗശാലയിലേക്ക് മാറ്റിയിട്ടുണ്ട്. 

ഇന്റലിജന്‍സിന്റെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹല്‍ദര്‍ പാര ഗ്രാമത്തിന് സമീപത്തെ വനപ്രദേശത്ത് നടത്തിയ പ്രത്യേക പരിശോധയ്ക്കിടെയാണ് കടത്തികൊണ്ടുപോകാന്‍ ശ്രമിച്ച അപൂര്‍വ്വ ഇനം പക്ഷികളെ പിടികൂടിയത്.  എന്നാല്‍ കള്ളക്കടത്ത് സംഘത്തെ പിടികൂടാനായില്ല. ഇവര്‍ കാട്ടിലേക്കോടി രക്ഷപ്പെട്ടു. 

രണ്ട് പേര്‍ മുളങ്കാടുകള്‍ക്ക് പിന്നില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഒളിച്ചിരിക്കുന്നതായി വനത്തില്‍ പരിശോധനയ്‌ക്കെത്തിയ ബിഎസ്എഫ് സംഘത്തിന്റെ ശ്രദ്ധയില്‍ പെട്ടു. ഈ ഭാഗത്തേക്ക് ബിഎസ്എഫ് സംഘം നീങ്ങുന്നത് കണ്ടതോടെ കള്ളക്കടത്തുകാര്‍ പക്ഷികളെയും കൂടുകളും ഉപേക്ഷിച്ചു വനത്തിലുള്ളില്‍ മറഞ്ഞു. പിന്തുടര്‍ന്നെങ്കിലും ബിഎസ്എഫ് സംഘത്തിന് ഇവരെ പിടികൂടാനായില്ല. 

Content Highlight: BSF seizes  birds worth over ₹ 14 Lakh In Bengal