ചണ്ഡീഗഢ്:  പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടായ തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളെ തുടര്‍ന്ന് പാകിസ്താന്‍ അതിര്‍ത്തി രക്ഷാ സൈനികര്‍ക്ക് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ആശംസയും മധുരവും ഇക്കുറി കൈമാറില്ലെന്ന് ബി എസ് എഫ്.

വര്‍ഷങ്ങളായി ഈദ്, ദീപാവലി, ഇരു രാജ്യങ്ങളുടെയും സ്വാതന്ത്ര്യദിനങ്ങള്‍, ഇന്ത്യയുടെ റിപ്പബ്ലിക് ദിനം തുടങ്ങിയ അവസരങ്ങളില്‍ ഇന്ത്യയിലെയും പാകിസ്താനിലെയും അതിര്‍ത്തി രക്ഷാ സൈനികര്‍ പരസ്പരം ആശംസകളും മധുരവും കൈമാറുന്ന പതിവ് നിലവിലുണ്ടായിരുന്നു.

ഇക്കഴിഞ്ഞ മാസങ്ങളില്‍ പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടായ തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളെ തുടര്‍ന്നാണ് ബി എസ് എഫ് ഇക്കാര്യം തീരുമാനിച്ചത്. അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണരേഖയിലും പാകിസ്താന്‍ നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളിലും ഇന്ത്യന്‍ സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു.

ഇക്കാര്യം പാക് അധികൃതരെ വ്യാഴാഴ്ച അറിയിച്ചിരുന്നതായി ബി എസ് എഫ് വൃത്തങ്ങള്‍ അറിയിച്ചു. 4-5 വര്‍ഷത്തിനിടെ ഇതിനു മുമ്പും ചില അവസരങ്ങളില്‍ പാകിസ്താന്റെ അതിര്‍ത്തി രക്ഷാ സൈനികരുമായി മധുരം കൈമാറുന്നതിന് ബി എസ് എഫ് വിസമ്മതിച്ചിരുന്നു. ഐ എ എന്‍ എസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

content highlights:  BSF refuses to exchange sweets with Pakistan Rangersover ceasefire violations