ഭുജ്: ഗുജറാത്തിലെ ഭുജ് ബറ്റാലിയനില്‍ വിന്യസിച്ചിരുന്ന അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്) ഉദ്യോഗസ്ഥനെ പാകിസ്താനുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയതിന് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു. ബിഎസ്എഫ് ഉദ്യോഗസ്ഥനായ മുഹമ്മദ് സജ്ജാദാണ് അറസ്റ്റിലായത്. ചാരപ്രവര്‍ത്തനം നടത്തി പാകിസ്താന് രഹസ്യ വിവരങ്ങള്‍ വാട്ട്സ്ആപ്പ് വഴി കൈമാറിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

രജൗരി ജില്ലയിലെ സരോല ഗ്രാമത്തില്‍ നിന്നുള്ളയാളാണ് അറസ്റ്റിലായ മുഹമ്മദ് സജ്ജാദ്. 2021 ജൂലായില്‍ ഭുജിലെ 74 ബിഎസ്എഫ് ബറ്റാലിയനില്‍ വിന്യസിച്ചയാളാണ് മുഹമ്മദ് സജ്ജാദെന്ന് എടിഎസ് പ്രസ്താവനയില്‍ പറഞ്ഞു. ഭുജിലെ ബിഎസ്എഫ് ആസ്ഥാനത്തുവെച്ചാണ് സജ്ജാദിനെ അറസ്റ്റ് ചെയ്തത്. 2012ലാണ് സജ്ജാദ് ബിഎസ്എഫില്‍ കോണ്‍സ്റ്റബിളായി ചേര്‍ന്നത്. കൈമാറിയിരുന്ന വിവരങ്ങള്‍ക്ക് സഹോദരന്‍ വാജിദിന്റെയും സുഹൃത്തായ ഇഖ്ബാലിന്റെയും അക്കൗണ്ടുകളിലേക്കാണ് പാകിസ്താനില്‍ നിന്ന് പണം എത്തിയിരുന്നത്.

തെറ്റായ ജനനത്തീയതി നല്‍കി സജ്ജാദ് ബിഎസ്എഫിനെ തെറ്റിദ്ധരിപ്പിച്ചതായും എടിഎസ് ഉദ്യോഗസ്ഥര്‍ പറയുന്നു. സജ്ജാദിന്റെ ആധാര്‍ കാര്‍ഡ് അനുസരിച്ച് 1992 ജനുവരി ഒന്നിനാണ് ജനനം. എന്നാല്‍ അയാളുടെ പാസ്‌പോര്‍ട്ട് വിശദാംശങ്ങളില്‍ ജനനത്തീയതി 1985 ജനുവരി 30 ആണ്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും എടിഎസ് പറഞ്ഞു. സജ്ജാദിന്റെ പക്കല്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. 

Content Highlights: BSF officer worked as spy for Pakistan arrested at gujarat