ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തുണ്ടായ കലാപത്തില്‍ സ്വന്തക്കാരെ നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. വീടുകളും തൊഴിലിടങ്ങളും നശിപ്പിക്കപ്പെട്ടവര്‍ അതിലേറെ. കൊല്ലപ്പെടുമെന്നോ ആക്രമിക്കപ്പെടുമെന്നോ ഉള്ള ഭീതിയില്‍ വീടിനുള്ളില്‍ ഒളിച്ചിരുന്നവരെ പോലും അക്രമികള്‍ തിരഞ്ഞുപിടിച്ച് ആക്രമിച്ചു. രക്ഷ തേടിയിരുന്ന വീടുകള്‍ക്ക് തീ കൊളുത്തി. സ്വന്തം വീട് നഷ്ടപ്പെട്ടവരില്‍ രാജ്യസംരക്ഷണത്തിനായി നിയോഗിക്കപ്പെട്ട ജവാനും ഉള്‍പ്പെടുന്നുണ്ട്. ഖജൂരി ഖാസിലുള്ള ബി.എസ്.എഫ് ജവാന്‍ മുഹമ്മദ് അനീസിന്റെ വീടാണ് കലാപകാരികള്‍ തീവച്ചു നശിപ്പിച്ചതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. 

ഫെബ്രുവരി 25-നായിരുന്നു സംഭവം. 'അക്രമികള്‍ മുസ്ലീങ്ങളുടെ ഭവനങ്ങള്‍ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നതായി അറിഞ്ഞിരുന്നു. വീടിന് പുറത്ത് ജവാന്‍ ആണെന്ന് തിരിച്ചറിയുന്നതിനുള്ള നെയിംപ്ലേറ്റ് വെച്ചതിനാല്‍ ആക്രമത്തില്‍ നിന്നും അവര്‍ പിന്തിരിയുമെന്ന് പ്രാര്‍ഥിച്ചിരുന്നു, പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആക്രമണത്തില്‍ നിന്നും രക്ഷനേടാന്‍ അത് മതിയാവുമായിരുന്നില്ല.  വീട്ടിലേക്ക് അതിക്രമിച്ചെത്തിയ  വീടിനുമുന്നില്‍ അവര്‍ പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ തീവച്ചു നശിപ്പിച്ചു. പിന്നീട് വീടിനുനേരെ കല്ലെറിഞ്ഞു. 'ഇവിടെ വാ പാകിസ്താനീ, ഞങ്ങള്‍ നിനക്ക് പൗരത്വം നല്‍കാം' എന്നാക്രോശിച്ചു കൊണ്ടാണ് കലാപകാരികള്‍ വീടിനു നേരെ ആക്രമണം നടത്തിയത്. ഇതിനുപിന്നാലെ വീടിനകത്തേക്ക് ഗ്യാസ് സിലിണ്ടര്‍ വലിച്ചെറിഞ്ഞു- അനീസ് പറഞ്ഞു. 

സംഭവസമയത്ത് അനീസും പിതാവ് മുഹമ്മദ് മുനിസ്, അമ്മാവന്‍ മുഹമ്മദ് അഹമ്മദ്, സഹോദരിയായ പര്‍വീണ്‍ എന്നിവരാണ് വീടിനകത്തുണ്ടായിരുന്നത്. അക്രമണത്തിനിടെ ഇവര്‍ രക്ഷപ്പെടുകയായിരുന്നു. പാരാമിലിട്ടറി സംഘവും ഇവരുടെ സഹായത്തിനായി എത്തി. വീട് നിന്നിടത്ത് ഇപ്പോള്‍ കെട്ടിടത്തിന്റെ കരിഞ്ഞ അവശിഷ്ടങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇവര്‍ താമസിക്കുന്ന പ്രദേശത്ത് 35-ഓളം വീടുകള്‍ അക്രമികള്‍ തീവെച്ചുനശിപ്പിച്ചു. ഒരാളുടെ വീട് മാത്രമാണ് ആക്രമണത്തില്‍ നിന്നും ഒഴിവായത്. 

അനീസിന്റേതുള്‍പ്പെടെ ഏപ്രിലിലും മെയ് മാസത്തിലുമായി രണ്ട് വിവാഹങ്ങള്‍ നടക്കാനിരുന്ന വീടാണ് ആക്രമികള്‍ തീവെച്ചുനശിപ്പിച്ചത്. വീട് ഉള്‍പ്പെടെ ഇത്രയും കാലത്തെ സമ്പാദ്യമെല്ലാം നഷ്ടപ്പെട്ടു. 

അനീസും കുടുംബവും താമസിക്കുന്ന ഖജൂരി ഖാസിലെ ഈ ലെയ്നില്‍ ഇരുവിഭാഗവും താമസിക്കുന്നുണ്ട്. എന്നാല്‍ തങ്ങളുടെ അയല്‍ക്കാര്‍ ആരും അക്രമത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് അനീസ് പറയുന്നു. പുറത്തുനിന്നും എത്തിയവരാണ് ആക്രമണം നടത്തിയത്. അയല്‍ക്കാര്‍ ഇവരെ തടയാനാണ് ശ്രമിച്ചതെന്നും അനീസ് പറഞ്ഞു. 

Content Highlights: BSF Jawan’s House Burned Down in Khajuri Khas by Rioters