ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ വീട് നഷ്ടമായ കോണ്‍സ്റ്റബിള്‍ മുഹമ്മദ് അനീസിന് വീട് നിര്‍മിക്കാന്‍ ബിഎസ്എഫ് പത്ത് ലക്ഷം രൂപ നല്‍കി.

ബിഎസ്എഫ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഡി.കെ. ഉപാധ്യായ അനീസിനും കുടുംബത്തിനും  തുക തിങ്കളാഴ്ച കൈമാറി.  സേന മുന്‍കൈയെടുത്ത് അനീസിന്റെ വീട് പുനര്‍നിര്‍മിച്ചു നല്‍കും.

ഫെബ്രുവരി 25നാണ് അക്രമികള്‍ അനീസിന്റെ വീട് ആക്രമിച്ചത്. സംഭവസമയത്ത് അനീസും പിതാവ് മുഹമ്മദ് മുനിസ്, അമ്മാവന്‍ മുഹമ്മദ് അഹമ്മദ്, സഹോദരിയായ പര്‍വീണ്‍ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്‌.

'ഇവിടെ വാ പാകിസ്താനീ, ഞങ്ങള്‍ നിനക്ക് പൗരത്വം നല്‍കാം' എന്നാക്രോശിച്ചു കൊണ്ടാണ് കലാപകാരികള്‍ വീടിനു നേരെ ആക്രമണം നടത്തിയത്.

ആക്രമണത്തിനിടെ ഇവര്‍ ജീവനും കൊണ്ട് രക്ഷപെടുകയായിരുന്നു. പാരാമിലിട്ടറി സംഘവും ഇവരുടെ സഹായത്തിനായി എത്തി. കലാപത്തിന് ശേഷം എല്ലാം കത്തിചാമ്പലായ നിലയിലാണ് വീടും വീട്ടുപകരണങ്ങളും ശേഷിച്ചത്‌.

ഇവര്‍ താമസിക്കുന്ന പ്രദേശത്ത് 35-ഓളം വീടുകള്‍ അക്രമികള്‍ തീവെച്ചുനശിപ്പിച്ചു. അനീസിന്റേതുള്‍പ്പെടെ ഏപ്രിലിലും മെയ് മാസത്തിലുമായി രണ്ട് വിവാഹ ചടങ്ങുകള്‍ക്ക് കൂടി വീട്‌ സാക്ഷിയാകാനിരിക്കെയാണ് ഒരു രാത്രി കൊണ്ട് അക്രമികള്‍ എല്ലാം ചുട്ടെരിച്ചത്‌.

വീട് ഉള്‍പ്പെടെ ഇത്രയും കാലത്തെ സമ്പാദ്യമെല്ലാം നഷ്ടപ്പെട്ടു. വീട്ടുസാധനങ്ങള്‍ക്കു പുറമെ, വിവാഹത്തിനായി കരുതിവെച്ചതെല്ലാം കത്തിയതായി അനീസിന്റെ കുടുംബം പറഞ്ഞു.

Content Highlights: BSF gave 10 lakh ruppees to the BSF contstable muhammed Anees to build house