കശ്മീര്‍: ഇന്തോ പാക് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാനുപയോഗിച്ചതെന്ന് കരുതുന്ന തുരങ്കം കണ്ടെത്തി. സാംബാ ജില്ലയിലെ രാംഘര്‍ സെക്ടറില്‍ നിന്ന് ബിഎസ്എഫ് ജവാന്മാരാണ് തുരങ്കം കണ്ടെത്തിയത്. ഇന്ത്യയിലേക്കുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റത്തെ ഇല്ലായ്മ ചെയ്ത നടപടിയാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.

തിങ്കളാഴ്ച പട്രോളിങ്ങിനിറങ്ങിയ ബിഎസ്എഫ് സംഘമാണ് തുരങ്കം കണ്ടതെന്ന് ബിഎസ്എഫ് ജമ്മു ഫ്രണ്ടിയര്‍ ഡിഐജി ഡി പരീഖ് പറഞ്ഞു. 20 മീറ്ററോളം നീളമുള്ള തുരങ്കത്തിന് രണ്ടരയടി വൃത്തപരിധിയുണ്ട്. പാകിസ്താന്‍ ഭാഗത്ത് നിന്ന് തുടങ്ങുന്ന തുരങ്കം ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് തള്ളിയാണ് നില്‍ക്കുന്നത്. നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിന് മുമ്പാണ് ഇത് ബിഎസ്എഫിന്റെ കണ്ണില്‍പ്പെടുന്നതെന്നും പരീഖ് കൂട്ടിച്ചേര്‍ത്തു. 

ജമ്മുവിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായുള്ള സുരക്ഷാ സാഹചര്യവും പാകിസ്താനില്‍ നിന്നുള്ള ഭീഷണിയും കണക്കിലെടുത്താല്‍ ബിഎസ്എഫ് നൂതനമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് ഡിഐജി പറഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തുരങ്കങ്ങളിലൂടെയുള്ള നുഴഞ്ഞുകയറ്റമാണ് പാക് ഭീകരര്‍ പരീക്ഷിക്കുന്നത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഇന്തോ പാക് അതിര്‍ത്തിയില്‍ കണ്ടെത്തുന്ന നാലാമത്തെ തുരങ്കമാണിത്.