ചണ്ഡീഗഡ്: അട്ടാരി-വാഗാ അതിര്‍ത്തിയിലെ ഇന്നത്തെ പതാകതാഴ്ത്തല്‍ (ബീറ്റിങ് റിട്രീറ്റ്) ചടങ്ങ് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (ബി.എസ്.എഫ്) റദ്ദാക്കി. വാര്‍ത്താ ഏജന്‍സിയായ എന്‍.എന്‍.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പാകിസ്താന്റെ പിടിയിലുള്ള ഇന്ത്യന്‍ വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ത്തമനെ ഇന്ന് കൈമാറുന്ന സാഹചര്യത്തിലാണ്‌ ചടങ്ങ് ഒഴിവാക്കിയത്. ഡെപ്യൂട്ടി കമ്മീഷണര്‍ ശിവ് ദുലര്‍ സിങാണ് ഇക്കാര്യം അറിയിച്ചത്. 

നാല് മണിയോടെയാണ്‌ അഭിനന്ദന്‍ വാഗാ അതിര്‍ത്തിയിലെത്തുക. അഭിനന്ദിനെ സ്വീകരിക്കാനായി അദ്ദേഹത്തിന്റെ വീട്ടുകാരും ഉന്നത സൈനിക ഉദ്യോഗസ്ഥരും അമൃത്സറിലെത്തി കഴിഞ്ഞു. ചെന്നൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട അഭിനന്ദന്റെ വീട്ടുകാര്‍ക്ക് വിമാന യാത്രക്കാരില്‍ നിന്ന് ലഭിച്ച കൈയ്യടി രാജ്യത്തിന്  അഭിനന്ദിനോടുള്ള സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും ഉത്തമോദാഹരണമായിരുന്നു.

വിമാനത്തില്‍ കയറിയ വീട്ടുകാരെ ആദ്യം യാത്രക്കാര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കിലും യാത്രക്കിടയില്‍ ഈ വിവരം അറിഞ്ഞ യാത്രക്കാര്‍ വിമാനം ഇറങ്ങിയതും തങ്ങളുടെ സ്‌നേഹവും ബഹുമാനവും കൈയ്യടിച്ചു കൊണ്ട് പങ്കുവെച്ചു.ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങവെ അഭിനന്ദന്റെ വീട്ടുകാര്‍ക്ക് ആദ്യം ഇറങ്ങാനുള്ള അവസരം ഒരുക്കി കൊടുത്ത് ഏവരും ആദരവ്‌ രേഖപ്പെടുത്തുകയും ചെയ്തു.

'സമാധാനത്തിന്റെ സന്ദേശ'മെന്ന നിലയില്‍ വര്‍ത്തമനെ വെള്ളിയാഴ്ച വിട്ടയക്കുമെന്ന് വ്യാഴാഴ്ച പാക് പാര്‍ലമെന്റിന്റെ സംയുക്തസമ്മേളനത്തില്‍ ഇമ്രാന്‍ഖാന്‍ പ്രഖ്യാപിച്ചിരുന്നു.

പ്രത്യേക വിമാനത്തിലാണ് ലാഹോറിലേക്ക് പാകിസ്താന്‍ അഭിനന്ദനെ എത്തിക്കുന്നത്. അവിടെ നിന്ന് റെഡ്ക്രോസ്സിന് കൈമാറും. അതിന് ശേഷം പ്രാഥമികമായ ആരോഗ്യപരിശോധനകള്‍ റെഡ്ക്രോസ്സ് നടത്തും. തുടര്‍ന്ന് റെഡ്ക്രോസ്സാണ് വാഗാ അതിര്‍ത്തിയിലേക്കെത്തിക്കുന്നത്.

വ്യോമസേനയുടെ പ്രത്യേക സംഘം അദ്ദേഹത്തെ വാഗാ അതിര്‍ത്തിയില്‍ സ്വീകരിക്കും. അച്ഛനും അമ്മയും ഭാര്യയും അദ്ദേഹത്തെ സ്വീകരിക്കാനായി എത്തിയിട്ടുണ്ട്. വ്യോമ സേന ഉദ്യോഗസ്ഥര്‍ ഇദ്ദേഹവുമായി സംസാരിക്കും.വന്‍ സ്വീകരണമാണ് ജനങ്ങളും വിങ് കമാന്‍ഡറിന്നായി ഇവിടെ ഒരുക്കിയിരിക്കുന്നത്.

30 മണിക്കൂര്‍ നീണ്ട പിരിമുറക്കത്തിനും സംഘര്‍ഷാവസ്ഥയ്ക്കും ശേഷമാണ് വിങ് കമാന്‍ഡര്‍ അഭിനന്ദനെ വിട്ടയ്ക്കുമെന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ പ്രഖ്യാപനം വന്നത്‌.

Content Highlights: BSF Cancels Flag-Lowering Ceremony at Wagah-Attari Border Before Wing Commander's Return