പ്രതികാരച്ചൂടില്‍ കസേര സ്വപ്‌നംകണ്ട രവിയടക്കം തെറിച്ചു; യെദ്യൂരപ്പയെ ഒതുക്കിയതില്‍ BJPക്ക് നഷ്ടബോധം


3 min read
Read later
Print
Share

യെദ്യൂരപ്പ,സി.ടി.രവി, ബസവരാജ് ബൊമ്മെ,നളിൻ കുമാർ കാട്ടീൽ |ഫോട്ടോ:PTI

ബെംഗളൂരു: പാര്‍ട്ടിയുടെ കനത്ത തോല്‍വിക്കിടയിലും കര്‍ണാടക ബിജെപിയുടെ നെടുംതൂണ്‍ താനാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ബി.എസ്.യെദ്യൂരപ്പ. യെദ്യൂരപ്പയെ ഒതുക്കി മുഖ്യമന്ത്രി കസേര സ്വപ്‌ന കണ്ട പല നേതാക്കളും ദേശീയ നേതൃത്വവും യെദ്യൂരപ്പയുടെ ശക്തി ശരിക്കും തിരിച്ചറിഞ്ഞു.

ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് ആദ്യമായി ഒരു സര്‍ക്കാര്‍ രൂപീകരിക്കാനായത് 2008-ല്‍ യെദ്യൂരപ്പയിലൂടെയാണ്. ഒന്നര പതിറ്റാണ്ടിന് ശേഷം ലിംഗായത്ത് നേതാവ് കൂടിയായ യെദ്യൂരപ്പയെ മത്സര രംഗത്ത് നിന്ന് മാറ്റിനിര്‍ത്തിയപ്പോള്‍ ബിജെപി അടപടലം തകരുന്ന കാഴ്ചയാണ് കര്‍ണാടകയില്‍ ദൃശ്യമായത്.

2008-ല്‍ ബിജെപിയെ അധികാരത്തിലെത്തിച്ച ശേഷം ആഭ്യന്തര കലഹങ്ങളെ തുടര്‍ന്ന് യെദ്യൂരപ്പ പാര്‍ട്ടി വിട്ടപ്പോള്‍ 2013-ല്‍ ഇതിനേക്കാള്‍ വലിയ പതനമാണ് ബിജെപി നേരിട്ടത്.

KJP എന്ന പാര്‍ട്ടി രൂപീകരിച്ച് യെദ്യൂരപ്പ മത്സരത്തിനിറങ്ങി. 10 ശതമാനം വോട്ടുകളോടെ അന്ന് ആറ് സീറ്റുകളെ നേടാനായുള്ളൂവെങ്കിലും ലിംഗായത്ത് ശക്തികേന്ദ്രങ്ങളില്‍ ബിജെപിക്ക് 26 സീറ്റുകളോളം നഷ്ടമായി.

ഇത്തവണ മുഖ്യമന്ത്രി കസേരയില്‍ നിന്ന് ഇറക്കുകയും മുന്‍നിരയില്‍ നിന്ന് യെദ്യൂരപ്പയെ മാറ്റിനിര്‍ത്തുകയും ചെയ്തപ്പോള്‍ ലിംഗായത്ത് ശക്തിമേഖലയില്‍ നിരവധി സീറ്റുകളില്‍ ബിജെപിയുടെ തോല്‍വിയില്‍ യെദ്യൂരപ്പയുമായി ബന്ധപ്പെട്ട പ്രതിഭാസം നേരിട്ട് പങ്കുവഹിച്ചുവെന്ന് പാര്‍ട്ടി നേതൃത്വം കരുതുന്നു.

ലിംഗായത്ത് വോട്ടുകള്‍ നിര്‍ണായകമായ 113 മണ്ഡലങ്ങളില്‍ അഞ്ചു വര്‍ഷം മുമ്പ് ബിജെപിക്ക് 56 സീറ്റുകള്‍ നേടാനായപ്പോള്‍ ഇത്തവണ അത് 31ല്‍ ഒതുങ്ങി. കോണ്‍ഗ്രസ് 50 സീറ്റുകളില്‍ നിന്ന് 78-ലേക്കും കുതിച്ചു.

ബിജെപി തോറ്റ പത്തോളം മണ്ഡലങ്ങളില്‍ ജയിച്ച എതിരാളികള്‍ യെദ്യൂരപ്പയുടെ അടുത്ത അനുയായികളായി അറിയപ്പെട്ടിരുന്നവരാണ് എന്നതാണ് ശ്രദ്ധേയം. യെദ്യൂരപ്പയെ ഒതുക്കിയതിന് പിന്നാലെ കോണ്‍ഗ്രസിലേക്കും ജനതാദളിലേക്കും കൂടുമാറ്റം നടത്തിയവരാണ് ഇവര്‍.

യെദ്യൂരപ്പ പ്രതിഭാസംമൂലം ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് ചിക്കമംഗളൂരുവില്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി.രവിയാണ്. ദീര്‍ഘകാലമായി താന്‍ കൈവശംവെച്ച് പോന്നിരുന്ന ചിക്കമംഗളൂരു രവിക്ക് നഷ്ടമായത് 5926 വോട്ടുകള്‍ക്കാണ്. രവിയെ തറപറ്റിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എച്ച്.ഡി.തമ്മയ്യ ലിംഗായത്ത് നേതാവും യെദ്യൂരപ്പയുടെ അടുത്ത അനുയായിയുമായിരുന്നു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് അദ്ദേഹം ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

നാല് തവണ തുടര്‍ച്ചയായി ചിക്കമംഗളൂരുവില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സി.ടി.രവി മുഖ്യമന്ത്രി കസേര സ്വപ്‌നം കാണുന്നയാളാണ്. കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സി.ടി.രവി യെദ്യൂരപ്പയെ സംസ്ഥാനത്ത് ഒതുക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. തന്നോടും മകന്‍ വിജയേന്ദ്രയോടും കടുത്ത എതിര്‍പ്പ് പുലര്‍ത്തുന്ന രവിയെ പരാജയപ്പെടുത്തിയതില്‍ യെദ്യൂരപ്പയുടെ പ്രതികാരമുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് യെദ്യൂരപ്പയ്ക്കും മകനുമെതിരെ രവി നടത്തിയ പ്രസ്താവന ബിജെപിക്കുള്ളില്‍ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. 'ഒരു കാര്യം മാത്രം ഓര്‍ക്കുക. സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച തീരുമാനം ആരുടേയും അടുക്കളയിലായിരിക്കില്ല. ആരുടെയെങ്കിലും മകനായതിനാല്‍ ആര്‍ക്കും ടിക്കറ്റ് ലഭിക്കില്ല' യെദ്യൂരപ്പയേയും വിജയേന്ദ്രയേയും ലക്ഷ്യമിട്ട് രവി പറയുകയുണ്ടായി.

ഇതിനോട് നേരിട്ട് പ്രതികരിക്കാതിരുന്ന യെദ്യൂരപ്പ സി.ടി.രവിക്കായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയില്ല. വൊക്കലിഗ സമുദായ അംഗം കൂടിയാണ് രവി.

ചിക്കമംഗളൂരു ജില്ലയില്‍ തന്നെയുള്ള മുടിഗരെ സീറ്റില്‍ യെദ്യൂരപ്പയുടെ മറ്റൊരു അനുയായി ബിജെപി സ്ഥാനാര്‍ഥിയുടെ പരാജയത്തിന് കാരണമായത് എങ്ങനെയെന്ന് നോക്കാം. 2013-ല്‍ കൈവിട്ടതൊഴിച്ച് 2004 മുതല്‍ ബിജെപിയുടെ സിറ്റിങ് സീറ്റായ മുടിഗരെയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നയന ജവഹര്‍ ജയിച്ചത് വെറും 722 വോട്ടുകള്‍ക്ക് മാത്രമാണ്. ഇവിടുത്തെ ബിജെപിയുടെ സിറ്റിങ് എംഎല്‍എ ആയിരുന്ന യെദ്യൂരപ്പ അനുയായി എം.പി.കുമാരസ്വാമി തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പാര്‍ട്ടി വിടുകയും ജെഡിഎസിനായി മത്സരിക്കുകയും ചെയ്തു. കോണ്‍ഗ്രസ് 722 വോട്ടുകള്‍ പിടിച്ചെടുത്ത മണ്ഡലത്തില്‍ 26038 വോട്ടുകളാണ് കുമാരസ്വാമി നേടിയത്.

ഹവേരി ജില്ലയിലെ ഹിരേകേരൂര്‍ മണ്ഡലത്തില്‍ കൃഷി മന്ത്രി ബി.എസ്.പാട്ടീലിനെ അട്ടിമറിച്ചത് കോണ്‍ഗ്രസിലെത്തിയ മറ്റൊരു യെദ്യൂരപ്പ അനുയായി ആണ്. ലിംഗായത്ത് നേതാവ് കൂടിയായ യു.ബി.ബനകറിലൂടെ കോണ്‍ഗ്രസിന് സീറ്റ് പിടിച്ചെടുക്കാനായത് ഒരു മധുരപ്രതികാരം കൂടിയാണ്. 2018-ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച പാട്ടീല്‍ 2019-ല്‍ നടന്ന ചാക്കിട്ടുപിടിത്തത്തില്‍ ബിജെപിയിലെത്തി. തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹം ബിജെപി ടിക്കറ്റില്‍ മത്സരിച്ചാണ് മന്ത്രിയായത്. മണ്ഡലത്തിലെ മുന്‍ എംഎല്‍എ യു.ബി.ബനകറിന് സീറ്റ് നിഷേധിച്ചാണ് പാട്ടീലിന് ബിജെപി ടിക്കറ്റ് നല്‍കിയത്. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിലേക്ക് ചേക്കേറിയ ബന്‍കര്‍ മണ്ഡലം തിരിച്ചുപിടിക്കുകയായിരുന്നു.

ചിക്കനായകനഹള്ളിയില്‍ നിയമമന്ത്രി ജെ.സി.മധുസ്വാമിയുടെ പരാജയത്തിന് വഴിവെച്ചത് ലിംഗായത്ത് നേതാവും യെദ്യൂരപ്പയുടെ അനുയായിയും ആയിരുന്ന കിരണ്‍ കുമാറിന്റെ സാന്നിധ്യമായിരുന്നു.

അഴിമതി കേസില്‍ അറസ്റ്റിലായ ബിജെപിയുടെ സിറ്റിങ് എംഎല്‍എ മാദല്‍ വിരുപാക്ഷപ്പയുടെ മണ്ഡലത്തിലാണ് യെദ്യൂരപ്പ പ്രതിഭാസം ബിജെപിക്ക് മറ്റൊരു തിരിച്ചടി നല്‍കിയിട്ടുള്ളത്. യെദ്യൂരപ്പയുടെ അടുത്ത അനുയായി കൂടിയായ മാദല്‍ വിരുപാക്ഷപ്പയ്ക്ക് ഇത്തവണ ബിജെപി സീറ്റ് നല്‍കിയിരുന്നില്ല. മകനും സീറ്റ് നിഷേധിച്ചു. ഇതേ തുടര്‍ന്ന് മകന്‍ മല്ലികാര്‍ജുന്‍ സ്വതന്ത്രനായി മത്സരിച്ചു. കോണ്‍ഗ്രസ് 16435 വോട്ടുകള്‍ക്ക് മണ്ഡലം പിടിച്ചെടുത്തപ്പോള്‍ വിരുപാക്ഷപ്പയുടെ മകന്‍ രണ്ടാമതും ബിജെപി മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.

ഇതുകൂടാതെ യെദ്യൂരപ്പ പ്രചാരണത്തിനിറങ്ങിയിട്ടും ലിംഗായത്ത് വോട്ടുകള്‍ നിര്‍ണായകമായ പല മണ്ഡലങ്ങളിലും ബിജെപിക്ക് നഷ്ടമായെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. സ്‌കൂളുകളില്‍ ഹിജാബ് നിരോധിച്ചതിലൂടെ ശ്രദ്ധേയനായ സ്‌കൂള്‍ എജ്യുക്കേഷന്‍ മന്ത്രി ബി.സി.നാഗേഷ് കോണ്‍ഗ്രസ് ഇറക്കിയ ലിംഗായത്ത് സ്ഥാനാര്‍ഥി കെ.ഷദാക്ഷരിയോട് 17652 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.

2021-ലാണ് ബിജെപി നേതൃത്വം യെദ്യൂരപ്പയെ മുഖ്യമന്ത്രി കസേരയില്‍ നിന്ന് ഇറക്കി ബസവരാജ് ബൊമ്മയെ പകരം കയറ്റിയത്. യെദ്യൂരപ്പയുടെ ശക്തി മനസ്സിലാക്കി തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി നേതൃത്വം അദ്ദേഹത്തെ പ്രചാരണത്തിന് സജീവമാക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ബൊമ്മ അതേ സമുദായ അംഗം തന്നെയാണെങ്കിലും യെദ്യൂരപ്പയ്ക്ക് പകരക്കാരനായി ലിംഗായത്തുകള്‍ കണ്ടില്ലെന്ന് വേണം മനസ്സിലാക്കാന്‍. തീവ്ര ഹിന്ദുത്വ വാദി അല്ലാത്തതിനാല്‍ മുസ്ലിം വിഭാഗങ്ങള്‍ക്കിടയിലും യെദ്യൂരപ്പയ്ക്ക് ചെറിയ രീതിയില്‍ സ്വീകര്യതയുണ്ടായിരുന്നു. ഹിജാബ്, സംവരണ വിഷയങ്ങളോടെ ബൊമ്മ സര്‍ക്കാരിനോടുള്ള എതിര്‍പ്പില്‍ മുസ്ലിം വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് ഏകീകരിക്കപ്പെട്ടതും ബിജെപി വലിയ തിരിച്ചടിയുണ്ടാക്കിയെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.


Content Highlights: BS Yediyurappa’s exit hurt BJP-karnataka election

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul

1 min

'വയനാട്ടിലല്ല, ഹൈദരബാദില്‍ എനിക്കെതിരേ മത്സരത്തിനുണ്ടോ'; രാഹുലിനെ വെല്ലുവിളിച്ച് ഒവൈസി

Sep 25, 2023


PM Modi

1 min

'കോണ്‍ഗ്രസ് നശിച്ചു, പാര്‍ട്ടിയെ നയിക്കുന്നത് നേതാക്കളല്ല, അര്‍ബന്‍ നക്‌സലുകള്‍' - മോദി

Sep 25, 2023


maneka gandhi

1 min

ഗോ സംരക്ഷണം: ISKCON കൊടുംവഞ്ചകർ, പശുക്കളെ കശാപ്പുകാർക്ക് വിൽക്കുന്നു; ആരോപണവുമായി മനേകാ ഗാന്ധി

Sep 27, 2023


Most Commented