ബെംഗളൂരു: മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറാന്‍ ബി.ജെ.പി. ദേശീയനേതൃത്വത്തിന് മുന്നില്‍ ഉപാധിവെച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ. പ്രധാനമന്ത്രി ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കും. മക്കള്‍ക്ക് ഉചിതമായ സ്ഥാനം നല്‍കണമെന്നാണ് യെദ്യൂരപ്പ മുന്നോട്ടുവെച്ചിരിക്കുന്ന ഉപാധികളില്‍ ഒന്നെന്നാണ് വിവരം.

ഇന്നലെയാണ് യെദ്യൂരപ്പയും മക്കളായ വിജയേന്ദ്രയും രാഘവേന്ദ്രയും ഡല്‍ഹിയിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര തിരിച്ചത്. പ്രധാനമന്ത്രിയെ കാണുക, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുമായി ചര്‍ച്ചകള്‍ നടത്തുക എന്നീ അജണ്ടകളുമായാണ് യെദ്യൂരപ്പ ഡല്‍ഹിക്ക് പോയത്. ഇന്നാണ് നഡ്ഡയുമായി യെദ്യൂരപ്പ കൂടിക്കാഴ്ച നടത്തിയത്. ആ ചര്‍ച്ചയിലാണ് യെദ്യൂരപ്പ ഉപാധികള്‍ മുന്നോട്ടുവെച്ചത്.

കര്‍ണാടക മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ താന്‍ സന്നദ്ധനാണെന്ന് അദ്ദേഹം അറിയിച്ചു. രണ്ടുമക്കള്‍ക്കും ഉചിതമായ സ്ഥാനം പാര്‍ട്ടിയിലോ അല്ലെങ്കില്‍ സര്‍ക്കാരിലോ നല്‍കുക എന്ന ഉപാധിയാണ് യെദ്യൂരപ്പ മുന്നോട്ടുവെച്ചിരിക്കുന്നതെന്നാണ് വിവരം. നേരത്തെ യെദ്യൂരപ്പ ആവശ്യപ്പെട്ടതു പ്രകാരം, കര്‍ണാടകയിലെ എം.പിയായിരുന്ന ശോഭ കരന്ദലജയെ കേന്ദ്രമന്ത്രിയാക്കിയിരുന്നു. മക്കള്‍ക്ക് ഉചിതമായ സ്ഥാനം നല്‍കണമെന്ന ഉപാധി അംഗീകരിക്കുന്ന പക്ഷം മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ തയ്യാറാണെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നതെന്നാണ് സൂചന. 

യെദ്യൂരപ്പയ്ക്ക് ഗവര്‍ണര്‍സ്ഥാനം കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്തതായുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. 2019 ജൂലൈ 24-നാണ് യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിപദത്തിലെത്തുന്നത്. ഈ ജൂലൈ 24 ആകുമ്പോള്‍ സ്ഥാനത്തെത്തിയിട്ട് രണ്ടുവര്‍ഷം തികയും. അന്ന് മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവെച്ച് മറ്റൊരാള്‍ക്കു വേണ്ടി അദ്ദേഹം വഴിമാറുമെന്നാണ് ലഭിക്കുന്ന വിവരം. 

അതേസമയം താന്‍ രാജിവെക്കാന്‍ തയ്യാറല്ലെന്ന നിലപാടുമായാണ് യെദ്യൂരപ്പ ഇന്നലെ കര്‍ണാടകയില്‍നിന്ന് ഡല്‍ഹിക്ക് പുറപ്പെട്ടത്. എന്നാല്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാന്‍ യെദ്യൂരപ്പ സന്നദ്ധനായെന്ന വാര്‍ത്തയാണ് ഇപ്പോള്‍ ഡല്‍ഹിയില്‍നിന്ന് വരുന്നത്.

content highlights: bs yeddyurappa places conditions before national leadership for resignation