ന്യൂഡല്‍ഹി: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച ബ്രിട്ടീഷ് എംപി ഡെബി അബ്രഹാംസിനെ ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞു. തുടര്‍ന്ന് ഇവരെ ദുബായിലേക്ക് കയറ്റിവിടുകയും ചെയ്തു. ഡല്‍ഹിയില്‍ വിമാനമിറങ്ങിയപ്പോഴാണ് ഇവര്‍ക്ക് ഇന്ത്യ ഇ-വിസ നിരസിച്ച കാര്യം അറിയുന്നത്. ഒരു കുറ്റവാളിയെ പോലെയാണ് തന്നോട് പെരുമാറിയതെന്ന് ഡെബി അബ്രഹാംസ് പ്രതികരിച്ചു.

ഇന്ത്യ സന്ദര്‍ശിക്കുന്നതിനായി സാധുവായ വിസ ഡെബി അബ്രഹാംസിന് ഇല്ലായിരുന്നുവെന്നും കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര  മന്ത്രാലയം അറിയിച്ചു.

അതേ സമയം എന്തക്കൊണ്ടാണ് ഡെബി അബ്രഹാംസിന് സന്ദര്‍ശന അനുമതി ഇന്ത്യന്‍ അധികൃതരുമായി ബന്ധപ്പെട്ടുവരുകയാണെന്ന്‌  ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ വക്താവും അറിയിച്ചു. ഡല്‍ഹി വിമാനത്താവളത്തില്‍ അവര്‍ക്ക് നയതന്ത്ര സഹായം നല്‍കിയതായും ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ വ്യക്തമാക്കി.

'മറ്റെല്ലാവരെ പോലെയും ഞാന്‍ എല്ലാ രേഖകളും ഹാജരാക്കിയതാണ്. ഡല്‍ഹി വിമാനത്താവളത്തില്‍ രാവിലെ 8.50 ആണ് വന്നിറങ്ങിയത്. എന്റെ ഫോട്ടോ വിമാനത്താളത്തിലെ ഉദ്യോഗസ്ഥന് നല്‍കി. അപ്പോള്‍ അയാള്‍ മുമ്പിലുണ്ടായിരുന്ന കമ്പ്യൂട്ടര്‍ സ്‌ക്രീനിലേക്ക് നോക്കി ശേഷം വിസ റദ്ദായതായി തന്നെ അറിയിക്കുകയായിരുന്നു. പിന്നീട് വളരെ മോശമായും പൗരഷമായിട്ടുമാണ് പെരുമാറിയത്. തന്നോട് ആക്രോശിക്കുകയും ചെയ്തു'ഡെബി അബ്രഹാംസ് പറഞ്ഞു.

Content Highlights: British MP Who Criticised Government on Article 370 Stopped At Airport