ലണ്ടന്‍: ചന്ദ്രയാനടക്കമുള്ള വമ്പന്‍ പദ്ധതികള്‍ നടപ്പാക്കുന്ന ഇന്ത്യക്ക് ഇനിയും സാമ്പത്തിക സഹായം നല്‍കുന്നതിനെതിരെ ബ്രീട്ടീഷ് പാര്‍ലമെന്റില്‍ എതിര്‍പ്പ്. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ചില അംഗങ്ങള്‍ തന്നെയാണ് ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ഇന്ത്യക്ക് നേരിട്ട് സഹായം കൈമാറുന്നത് ബ്രിട്ടന്‍ അവസാനിപ്പിച്ചിരുന്നെങ്കിലും വികസന പദ്ധതികള്‍ക്കായി കോടികള്‍ ഇപ്പോഴും നല്‍കാറുണ്ട്. 2018-19 ല്‍ 52 ദശലക്ഷം പൗണ്ടും 2019-20 കാലയളവിലേക്കായി 46 ദശലക്ഷം പൗണ്ടും രാജ്യാന്തര വികസന വകുപ്പ് സഹായം പ്രഖ്യാപിച്ചിരുന്നു. ഇതടക്കമുള്ള സഹായങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.

ഇന്ത്യക്ക് യുകെയുടെ സഹായം ഇനി ആവശ്യമില്ല. 95.4 ദശലക്ഷം പൗണ്ട് ചെലവിട്ടാണ് ഇന്ത്യ ചന്ദ്രയാന്‍ പോലുള്ള പദ്ധതികള്‍ നടപ്പാക്കുന്നത്. ഈ അവസരത്തില്‍ നമ്മള്‍ നല്‍കുന്ന സഹായം ഫലത്തില്‍ നമ്മള്‍ അവരുടെ ചന്ദ്രയാന്‍ പദ്ധതിയുടെ സ്‌പോണ്‍സര്‍മാരായി മാറുംപോലെയാണെന്നും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗമായ ഡേവിഡ് ഡേവിസ് പറഞ്ഞു.

സ്വന്തം വികസനത്തിനായി കോടികള്‍ ചിലവിട്ട് ബഹിരാകാശ പദ്ധതി നടപ്പാക്കുന്ന രാജ്യത്തിനാണ് നാം പണം നല്‍കുന്നത്. ഇതിന്റെ ആവശ്യമുണ്ടോയെന്നും നികുതിദായകരുടെ പണം ഉചിതമായ മര്‍ഗത്തിലൂടെയാണോ ചെലവാക്കുന്നതെന്നും സര്‍ക്കാര്‍ ചിന്തിക്കണമെന്നും മറ്റൊരു കണ്‍സര്‍വേറ്റീവ് അംഗം ഫിലിപ്പ് ഡേവിസ് പറഞ്ഞു.