ബ്രിജ്ഭൂഷൺ ശരൺ സിങ്ങ്
ന്യൂഡല്‍ഹി: ലൈംഗിക പീഡനങ്ങളും ഗുരുതരമായ മോശം പെരുമാറ്റവും അക്കമിട്ട് നിരത്തി രണ്ട് ഗുസ്തി താരങ്ങള്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണിനെതിരേ നല്‍കിയ പരാതിയിലെ വിവരങ്ങള്‍ പുറത്ത്.
ടൂര്‍ണ്ണമെന്റുകള്‍ക്കിടയിലും പരീശനത്തിനിടെയും ഡല്‍ഹിയിലെ ഗുസ്തി ഫെഡറേഷന്‍ ഓഫീസിനുള്ളില്‍ വെച്ച് പോലും ലൈംഗിക ആസ്വാദനത്തോടെ തടവുക, അനുചിതമായി സ്പര്‍ശിക്കല്‍ തുടങ്ങി ഒട്ടേറ ആരോപണങ്ങളാണ് രണ്ട് താരങ്ങള്‍ പരാതിയില്‍ ബ്രിജ് ഭൂഷണിനെതിരേ ഉന്നയിച്ചിരിക്കുന്നത്. ഏപ്രില്‍ 21ന് ഡല്‍ഹി കൊണാട്ട് പ്ലേസ് പോലീസ് സ്‌റ്റേഷനിലാണ് രണ്ട് വ്യത്യസ്ത പരാതികള്‍ ഫയല്‍ ചെയ്തിരിക്കുന്നത്.
രണ്ട് പരാതികളിലും സമാനമായ ലൈംഗിക ആരോപണങ്ങളാണ് ബ്രിജ്ഭൂഷണെതിരെ ഉള്ളത്. ശ്വാസോച്ഛ്വാസം പരിശോധിക്കാനെന്ന വ്യാജേന ബ്രിജ്ഭൂഷണ്‍ തങ്ങളെ അനുചിതമായും ലൈംഗികമായും സ്പര്‍ശിച്ചതെങ്ങനെയെന്ന് താരങ്ങള്‍ പരാതിയില്‍ വിവരിക്കുന്നു.
രാഷ്ട്രീയപരമായും ഗുസ്തി ഫെഡറേഷനിലും വ്യക്തമായ സ്വാധീനമുള്ള ബ്രിജ്ഭൂഷണിനെതിരെ പരാതി പറയാന്‍ ഭയമായിരുന്നുവെന്ന് താരങ്ങള്‍ വിശദീകരിക്കുന്നു. കരിയറില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്ന ഭയം
കാരണം മാനസികമായും ശാരീരികമായും ചൂഷണം ചെയ്യപ്പെട്ടെങ്കിലും നേരത്തെ സംസാരിച്ചില്ലെന്ന് പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.
ചുരുങ്ങിയത് അഞ്ച് ലൈംഗികാതിക്രമങ്ങളെങ്കിലും ബ്രിജ്ഭൂഷണിന്റെ ഭാഗത്ത് നിന്ന് തനിക്ക് നേരെ ഉണ്ടായിട്ടുണ്ടെന്ന് ഒരു പരാതിക്കാരി വെളിപ്പെടുത്തി. അതിലൊന്ന് 2016-ല്‍ നടന്ന ടൂര്‍ണ്ണമെന്റിനിടെ ഒരു റെസ്റ്റോറന്റില്‍ വെച്ചായിരുന്നു. ബ്രിജ്ഭൂഷണിന്റെ ടേബിളിലിരിക്കാന്‍ ക്ഷണിച്ച ശേഷം മാറിടത്തിലും വയറിലും സ്പര്‍ശിച്ചു. ഇതോടെ തനിക്ക് ഭക്ഷണം കഴിക്കാന്‍ തോന്നിയില്ലെന്നും ഉറക്കം കെടുത്തിയെന്നും ഒന്നാമത്തെ പരാതിക്കാരി ആരോപിക്കുന്നു. 2019-ല്‍ നടന്ന മറ്റൊരു ടൂര്‍ണ്ണമെന്റിനിടെയും മാറിടത്തിലും വയറിലും സ്പര്‍ശിച്ചുകൊണ്ട് സമാനമായ സംഭവം അരങ്ങേറി.
ഡല്‍ഹി 21, അശോക റോഡിലുള്ള ബ്രിജ്ഭൂഷണിന്റെ എംപി ബംഗ്ലാവിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഡബ്ല്യുഎഫ്ഐ ഓഫീസിലേക്ക് വിളിച്ചുവരുത്തിയ രണ്ട് ദിവസങ്ങളില്‍ ഇയാള്‍ അനുചിതമായി സ്പര്‍ശിക്കുകയും തടവുകയും ചെയ്തതായും ഗുസ്തി താരത്തിന്റെ പരാതിയില്‍ പറയുന്നു. ആദ്യ ദിവസം അനുമതിയില്ലാതെ ചുമലിലും തുടയിലും സ്പര്‍ശിച്ചു. രണ്ട് ദിവസത്തിന് ശേഷം WFI ഓഫീസിലേക്ക് വീണ്ടും വിളിപ്പിച്ചു. ഇത്തവണ ശ്വാസോച്ഛ്വാസം പരിശോധിക്കാനാണെന്ന് പറഞ്ഞുകൊണ്ട് മാറിടത്തിലും വയറിലും കൈവെക്കുകയായിരുന്നു.
2018ല്‍, ഒരു ടൂര്‍ണമെന്റിനിടെ അനുചിതമായ രീതിയില്‍ ഏറെ സമയം കെട്ടിപ്പിടിച്ചു. മറ്റൊരു ടൂര്‍ണ്ണമെന്റിനിടെ മാറിടത്തില്‍ കൈവെച്ച് കൊണ്ട് കെട്ടിപ്പിടിച്ചത് കാരണം കുതറിമാറേണ്ടി വന്നുവെന്നും താരം വ്യക്തമാക്കി.
രണ്ടാമത്തെ പരാതിക്കാരിക്ക് ഉണ്ടായ ആദ്യ അനുഭവം പരീശീലനത്തിനിടെയായിരുന്നു. പരിശീലനത്തിനിടെ ജഴ്‌സി പൊക്കുകയായിരുന്നു ബ്രിജ്ഭൂഷണെന്ന് പരാതിയില്‍ പറയുന്നു. 2018-ല്‍ ശ്വാസോച്ഛ്വാസം പരിശോധിക്കാനെന്ന പേരില്‍ മാറിടത്തിലും വയറിലും സ്പര്‍ശിച്ചു. ഇത് തനിക്ക് ഏറെ മാനസിക പ്രയാസമുണ്ടാക്കിയെന്നും താരം പറഞ്ഞു.
രണ്ടാമത്തെ താരത്തിനും WFI ഓഫീസില്‍ വെച്ച് ദുരുനുഭവമുണ്ടായി. വിളിപ്പിച്ചതനുസരിച്ച് ഓഫീസിലെത്തിയപ്പോള്‍ മറ്റുള്ളവരെ അവിടെ നിന്ന് ഒഴിവാക്കുകയും ശരീരത്തില്‍ തടവാന്‍ ശ്രമിച്ചുവെന്നും രണ്ടാമത്തെ താരം പരാതിയില്‍ പറയുന്നു.
Content Highlights: Brij Bhushan touched breast, stomach 2 wrestlers to police


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..