ബ്രിജ് ഭൂഷൺ സിങ്. Photo: ANI
ന്യൂഡല്‍ഹി: തനിക്കെതിരേ ആരോപണം ഉന്നയിച്ച് ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ പ്രതിഷേധം തുടരുന്ന ഗുസ്തി താരങ്ങള്‍ക്കെതിരേ വീണ്ടും പ്രതികരണവുമായി റെസ്ലിങ് ഫെഡറേഷന്‍ പ്രസിഡന്റും ബി.ജെ.പി എം.പി.യുമായ ബ്രിജ് ഭൂഷണ്‍ സിങ്. ഹരിയാനയിലെ 90 ശതമാനം ഗുസ്തി താരങ്ങളും അവരുടെ രക്ഷിതാക്കളും ഫെഡറേഷനൊപ്പമാണെന്നും തനിക്കെതിരേ പരാതി നല്‍കിയ വനിതാ താരങ്ങളെല്ലാം കോണ്‍ഗ്രസ് നേതാവായ ദീപേന്ദര്‍ സിങ് ഹൂഡ രക്ഷാധികാരിയായ
അഖാഡയില്‍ പരിശീലിക്കുന്നവാരണെന്നും ബ്രിജ് ഭൂഷണ്‍ ആരോപിച്ചു.
'ഈ വനിതാ താരങ്ങളെല്ലാം മഹാദേവ് റെസ്ലിങ് അക്കാദമിയില്‍ നിന്നുള്ളവരാണ്. ദീപേന്ദര്‍ സിങ് ഹൂഡ (കോണ്‍ഗ്രസ് നേതാവ്) രക്ഷാധികാരിയായ അഖാഡയാണ് ഇതെന്ന് ലോകത്തിന് മുഴുവന്‍ അറിയാം. പ്രതിഷേധക്കാരെല്ലാം ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയാണ് സംസാരിക്കുന്നത്. അവരെല്ലാവരും ഇന്ത്യന്‍ റെയില്‍വേയിലെ ജീവനക്കാരാണെന്ന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്' - വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് ബ്രിജ് ഭൂഷണ്‍ പറഞ്ഞു.
ജന്തര്‍ മന്ദറില്‍ പ്രതിഷേധിച്ചതുകൊണ്ട് ഗുസ്തി താരങ്ങള്‍ക്ക് നീതി ലഭിക്കില്ലെന്നും നീതി വേണമെങ്കില്‍ പോലീസിനേയും കോടതിയേയും സമീപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതുവരെ ഇതൊന്നും ചെയ്യാതെ അവര്‍ തന്നെ അധിക്ഷേപിച്ചുകൊണ്ടിരിക്കുകയാണ്. വിഷയത്തില്‍ കോടതി എന്തുതന്നെ വിധിച്ചാലും അനുസരിക്കുമെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു.
സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ഉള്‍പ്പെടെയുള്ള യു.പിയിലെ ചില പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പിന്തുണയുമായി ഗുസ്തി താരങ്ങളുടെ സമര വേദിയില്‍ എത്താതിരുന്നത് സംബന്ധിച്ച ചോദ്യത്തോട് അവര്‍ക്കെല്ലാം ഇതിലെ സത്യം എന്താണെന്ന് അറിയാമെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു.
Content Highlights: Brij Bhushan targets Deepender Hooda
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..