
ന്യൂഡൽഹി: ഒളിമ്പിക് ഗുസ്തി താരം വിനേഷ് ഫോഗട്ടിനെതിരെ വിമർശനവുമായി ഗുസ്തി ഫെഡറേഷൻ മുൻ മേധാവിയും ബിജെപി നേതാവുമായ ബ്രിജ് ഭൂഷൺ. ഒളിമ്പിക്സിൽ പങ്കെടുക്കാൻ വിനേഷ് ഫോഗട്ട് തട്ടിപ്പ് കാണിച്ചുവെന്നും അതിന് ദൈവം കൊടുത്ത ശിക്ഷയാണ് മെഡൽ നഷ്ടമെന്നും മുൻ എംപി പറഞ്ഞു. ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിനുമുൻപായി ഗുസ്തിതാരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും കോൺഗ്രസിൽ ചേർന്നതിന് പിന്നാലെയാണ് വിമർശനം.
ഒരു താരത്തിന് ഒരേദിവസം രണ്ടു ഭാരോദ്വഹന വിഭാഗങ്ങളിൽ ട്രയൽസ് നടത്താൻ കഴിയുമോയെന്നും ഭാരനിർണയത്തിന് ശേഷം അഞ്ച് മണിക്കൂർ ട്രയൽസ് നിർത്തിവെക്കാമോയെന്നും ചോദിച്ച ബ്രിജ് ഭൂഷൺ വിനേഷ് ഫോഗട്ട് ചതിയിലൂടെയാണ് ഒളിമ്പിക്സിൽ പങ്കെടുക്കാൻ പോയതെന്നും ദൈവം കൊടുത്ത ശിക്ഷയാണ് ഗുസ്തിയിലെ പരാജയമെന്നും വിമർശിച്ചു. ട്രയൽസ് പൂർത്തിയാക്കാതെയാണ് ബജ്രംഗ് പുനിയ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്തതെന്നും ബിജെപി നേതാവ് ആരോപിച്ചു.
ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിൽ വിനേഷ് ഫോഗട്ട് ജുലാന മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കും. ഹരിയാണയിലെ ആദ്യ 31 അംഗ സ്ഥാനാർഥിപ്പട്ടികയിലാണ് ഫോഗട്ടിന്റെ പേര് ഉൾപ്പെടുത്തിയത്. റെയിൽവേയിൽനിന്ന് രാജിവെച്ചശേഷമാണ് ഇരുവരും കോൺഗ്രസിൽ ചേർന്നത്. താൻ കടന്നുപോയ അവസ്ഥയിലൂടെ മറ്റൊരു കായികതാരവും കടന്നുപോകാൻ ആഗ്രഹിക്കുന്നില്ലെന്ന് വിനേഷ് ഫോഗട്ട് പറഞ്ഞിരുന്നു. എല്ലാം ഒരിക്കൽ തുറന്നുപറയുമെന്നും താരം വ്യക്തമാക്കിയിരുന്നു. സമരംചെയ്യുമ്പോൾ ബി.ജെ.പി. തങ്ങൾക്കൊപ്പം നിന്നില്ലെന്നും ദേശത്തെ പെൺകുട്ടികൾക്കായുള്ള പോരാട്ടത്തിൽ കോൺഗ്രസാണ് ഒപ്പംനിന്നതെന്നും ബജ്രംഗ് പുനിയയും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി നേതാവിന്റെ വിമർശനം.
ഗുസ്തി ഫെഡറേഷൻ മുൻ മേധാവി ബ്രിജ്ഭൂഷണെതിരേ ലൈംഗികാതിക്രമവും ഭീഷണിപ്പെടുത്തലും ആരോപിച്ച് കഴിഞ്ഞ വർഷം വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്റംഗ് പൂനിയ എന്നിവർ പ്രതിഷേധം നടത്തിയിരുന്നു. ഡൽഹിയിലെ ജന്തർമന്ദറിലായിരുന്നു പ്രതിഷേധം. ബ്രിജ്ഭൂഷൺ രാജിവെയ്ക്കണമെന്നും ഗുസ്തി ഭരണസമിതി പിരിച്ചുവിടണമെന്നുമായിരുന്നു ആവശ്യം. ഇതോടെ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷ മേരികോം, യോഗേശ്വർ ദത്ത് എന്നിവർ ഉൾപ്പെട്ട അന്വേഷണ കമ്മിറ്റി രൂപവത്കരിച്ചു. തുടർന്ന് കായികമന്ത്രാലയം ഇടപെട്ട് ഡബ്ല്യു.എഫ്.ഐ. പ്രവർത്തനങ്ങൾ സസ്പെൻഡ് ചെയ്യുകയും ബ്രിജ്ഭൂഷന്റെ നേതൃത്വത്തിലുള്ള പാനൽ പിരിച്ചുവിടുകയും ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ ഏഴ് വനിതാ ഗുസ്തി താരങ്ങളാണ് ബ്രിജ്ഭൂഷണെതിരേ ലൈംഗികാതിക്രമ പരാതിയുമായി രംഗത്തെത്തിയത്.
Content Highlights: Brij Bhushan against Vinesh Phogat
Published: 07 Sept 2024, 10:46 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented