ന്യൂഡല്‍ഹി; ഉത്തരാഖണ്ഡില്‍ ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്കിടെ പാലം തകര്‍ന്നു വീണു. ദെഹ്‌റാദൂണ്‍ - ഋഷികേശ് ദേശീയ പാതയിലെ ജാക്കന്‍ നദിയ്ക്ക് കുറുകെയുള്ള പാലമാണ് തകര്‍ന്നു വീണത്. ഏതാനും വാഹനങ്ങള്‍ ഭാഗികമായി തകര്‍ന്നുവെങ്കിലും സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

തകര്‍ന്നുവീണ പാലത്തില്‍ നിരവധി വാഹനങ്ങളാണ് കുടുങ്ങികിടക്കുന്നത്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. സംസ്ഥാന ദുരന്ത നിവാരണ സേന (എസ്.ഡി.ആര്‍.എഫ്) സ്ഥലത്ത് എത്തിയിട്ടുണ്ട്. 

അതേ സമയം ദെഹ്‌റാദൂണില്‍ തുടരുന്ന കനത്ത മഴയില്‍ മാല്‍ദേവ്ത - സഹസ്ത്രധാരാ ലിങ്ക് റോഡിന്റെ ചില ഭാഗങ്ങള്‍ തകര്‍ന്നിട്ടുണ്ട്. മഴ മൂലം തപോവനില്‍ നിന്ന് മലേതായിലേക്കുള്ള ദേശീയ പാത 58 അടച്ചു.

ഇതോടൊപ്പം ഋഷികേശ്-ദേവ്പ്രയാഗ്, ഋഷികേഷ്-തെഹ്രി, ദെഹ്‌റാദൂണ്‍- മസൂറി റോഡുകളും പലയിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടല്‍ മൂലം അടച്ചു. കനത്തമഴയിലും  ദെഹ്‌റാദൂണില്‍ എസ്.ഡി.ആര്‍.എഫിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Content Highlights: bridge collapse in utharakhand due to heavy rainfall; traffic halted