ഗുജറാത്തില്‍ തൂക്കുപാലം തകര്‍ന്ന് അപകടം: മരണം 100 കടന്നു, പാലത്തില്‍ ഉണ്ടായിരുന്നത് 200-ലധികം പേര്‍


വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍മിച്ച തൂക്കുപാലം അറ്റകുറ്റപ്പണിക്കുശേഷം ഒക്ടോബര്‍ 26-നാണ് തുറന്നുകൊടുത്തത്. ഒട്ടേറേ സ്ത്രീകളും കുട്ടികളും അപകടസമയത്ത് പാലത്തിലുണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു.

തകർന്ന തൂക്കുപാലം | Photo - ANI

ഗാന്ധിനഗര്‍: ഗുജറാത്തിലെ മോര്‍ബി ജില്ലയില്‍ തൂക്കുപാലം തകര്‍ന്ന് ഉണ്ടായ അപകടത്തില്‍ നൂറിലധികം പേര്‍ മരിച്ചുവെന്ന് അധികൃതര്‍. 130 പേര്‍ മരിച്ചുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. മച്ചു നദിക്ക് കുറുകെയുള്ള പാലം ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് പൊട്ടിവീണത്. വിനോദസഞ്ചാരികളടക്കം ഒട്ടേറെപേര്‍ നദിയില്‍ വീണതായി സംശയിക്കുന്നു. ഛാട്ട് പൂജയോടനുബന്ധിച്ച് ധാരാളം പേരാണ് പാലത്തിനുമുകളിലെത്തിയത്. ഇതോടെ അമിതഭാരം താങ്ങാനാകാതെ തകരുകയായിരുന്നു. മരിച്ചവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍മിച്ച തൂക്കുപാലം അറ്റകുറ്റപ്പണിക്കുശേഷം ഒക്ടോബര്‍ 26-നാണ് തുറന്നുകൊടുത്തത്.

ഒട്ടേറേ സ്ത്രീകളും കുട്ടികളും അപകടസമയത്ത് പാലത്തിലുണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ദേശീയ ദുരന്തനിവാരണസേനയുടെ മൂന്നുസംഘങ്ങളാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. നദിയില്‍ വീണവരെ കരയ്‌ക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ രാത്രിയും തുടരുകയാണ്.ഗുജറാത്ത് സന്ദര്‍ശനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദി സംഭവത്തിനുപിന്നാലെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി സ്ഥിതിഗതികള്‍ വിലയിരുത്തി. അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ദേശം നല്‍കി. സ്വകാര്യ കമ്പനിയാണ് നവീകരണം ഏറ്റെടുത്തതെന്നും പാലത്തിന് മുനിസിപ്പാലിറ്റിയുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ലെന്നും ഉദ്യാഗസ്ഥര്‍ അറിയിച്ചു. അപകടത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു നടുക്കം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപവീതവും പരിക്കേറ്റവര്‍ക്ക് അമ്പതിനായിരംരൂപയും പ്രധാനമന്ത്രി സഹായധനം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് ഗുജറാത്ത് സര്‍ക്കാര്‍ നാലുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും പ്രഖ്യാപിച്ചു.

തകര്‍ന്ന പാലത്തിലുണ്ടായിരുന്നത് ഇരുനൂറിലധികം പേര്‍

ഗാന്ധിനഗര്‍: ഗുജറാത്തിലെ മോര്‍ബിയില്‍ തകര്‍ന്ന തൂക്കുപാലത്തില്‍ ഉണ്ടായിരുന്നത് ഇരുനൂറിലധികം പേര്‍. ഛാട്ട് പൂജയോടനുബന്ധിച്ച് ധാരാളം പേരാണ് പാലത്തിനുമുകളിലെത്തിയത്. അമിതഭാരം താങ്ങാനാകാതെ പാലം തകരുകയായിരുന്നു. ഇതോടെ ആളുകള്‍ ഒരുഭാഗത്തേക്ക് ചെരിഞ്ഞു. ചിലര്‍ പുഴയിലേക്ക് ചാടി.

മറ്റുള്ളവര്‍ ഒന്നിനുമീതെ ഒന്നായി നദിയിലേക്ക് വീഴുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മരിച്ചവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്. 150 വര്‍ഷം പഴക്കമുള്ള പാലം ഏഴുവര്‍ഷമായി അടച്ചിട്ടതായിരുന്നു. ആറുമാസം മുമ്പാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

അപകടത്തെത്തുടര്‍ന്ന് മറ്റുപരിപാടികളെല്ലാം റദ്ദാക്കിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രപട്ടേല്‍ മോര്‍ബിയിലെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേരിട്ട് നേതൃത്വം നല്‍കി. അപകടത്തില്‍പ്പെട്ട ഒട്ടേറെപ്പേരെ രക്ഷിച്ച് ആശുപത്രിയിലേക്കുമാറ്റിയതായി സംസ്ഥാന ആഭ്യന്തരമന്ത്രി ഹര്‍ഷ് സംഘ്വി അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിന് എല്ലാവിധ പിന്തുണയും നല്‍കുന്നുണ്ട്. അപകടം നടന്ന് 15 മിനിറ്റിനുള്ളില്‍ അഗ്‌നിരക്ഷാസേന, കളക്ടര്‍, പോലീസ് മേധാവി, ഡോക്ടര്‍മാര്‍, ആംബുലന്‍സുകള്‍ തുടങ്ങിയവ സ്ഥലത്തെത്തിയെന്ന് അദ്ദേഹം വ്യക്തമാക്കി.

സംഭവത്തില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ നടുക്കം രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങാന്‍ പ്രവര്‍ത്തകരോട് ഖാര്‍ഗെയും രാഹുലും ആവശ്യപ്പെട്ടു.

Content Highlights: bridge collapse Gujarat


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented