അഹമ്മദാബാദ്: നോട്ടു നിരോധനത്തെ തുടര്‍ന്നുള്ള കടുത്ത സാമ്പത്തിക പ്രശ്‌നങ്ങളില്‍ ജനങ്ങള്‍ പൊറുതിമുട്ടുമ്പോള്‍ രണ്ട് പോര്‍ട്ട് ട്രസ്റ്റ് ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി കൈപ്പറ്റിയത് 2.9 ലക്ഷം രൂപ. അതും, പുതിയ 2,000 രൂപ നോട്ടുകള്‍. ഗുജറാത്തിലാണ് സംഭവം.

2,000 രൂപ നോട്ടുകള്‍ പുറത്തിറങ്ങിയിട്ട് ഒരാഴ്ച മാത്രമേ ആയിട്ടുള്ളൂ. നോട്ടുകള്‍ പിന്‍വലിയ്ക്കുന്നതില്‍ കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുമുണ്ട്. ഒരു ആഴ്ചയില്‍ ഒരാള്‍ക്ക് പരമാവധി പിന്‍വലിക്കാനാകുന്ന തുക 24,000 രൂപയാണ്. പിന്നെങ്ങനെ ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്രയും നോട്ടുകള്‍ ഒരുമിച്ച് ലഭ്യമായി എന്നതാണ് അധികൃതരെ കുഴക്കുന്ന ചോദ്യം.

കണ്ട്‌ല പോര്‍ട്ട് ട്രസ്റ്റ് സൂപ്രണ്ടിങ് എന്‍ജിനീയര്‍ പി. ശ്രീനിവാസു, സബ് ഡിവിഷണല്‍ ഓഫീസര്‍ കെ. കോണ്ടേക്കര്‍ എന്നിവര്‍ ഒരു സ്വകാര്യ ഇലക്ട്രിക്കല്‍ കമ്പനിയില്‍നിന്ന് 4.4 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് ഗുജറാത്ത് അഴിമതി വിരുദ്ധ വിഭാഗം കണ്ടെത്തിയിരിക്കുന്നത്. ഇതിന്റ ഒരു ഭാഗമായ 2.5 ലക്ഷം രൂപ കഴിഞ്ഞ ദിവസം ഇടനിലക്കാരനായ രുദ്രേശര്‍ എന്നയാളാണ് കൈപ്പറ്റിയത്.

ഇലക്ട്രിക്കല്‍ കമ്പനിയുടെ പരാതിയെ തുടര്‍ന്ന് അധികൃതര്‍ ഒരുക്കിയ കെണിയില്‍ വീണ ഇടനിലക്കാരനില്‍നിന്നുള്ള വിവരപ്രകാരം ശ്രീനിവാസുവിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മറ്റൊരു 40,000 രൂപയും കണ്ടെടുത്തു. തുക കൈക്കൂലിയായി വാങ്ങിയതാണെന്ന് ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുണ്ട്.

കള്ളപ്പണം തടയുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പഴയ നോട്ടുകള്‍ നിരോധിച്ചത്. പുതിയ നോട്ടുകളാകട്ടെ, വലിയ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് രൂപകല്‍പന ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നിട്ടും ഇത്രയും വലിയ തുകയുടെ പുതിയ നോട്ടുകള്‍ എങ്ങനെ സമാഹരിച്ചു എന്ന അന്വേഷണത്തിലാണ് അധികൃതര്‍.