ശ്രീനഗര്‍: പി ഡി പിയെ പിളര്‍ത്താന്‍ ശ്രമിച്ചാല്‍ പ്രത്യാഘാതം അപകടരമായിരിക്കുമെന്ന് കേന്ദ്രസര്‍ക്കാരിനു മുന്നറിയിപ്പുമായി ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രിയും പി ഡി പി നേതാവുമായി മെഹബൂബ മുഫ്തി. വെള്ളിയാഴ്ച ശ്രീനഗറില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അവര്‍.

"കേന്ദ്രഭരണകൂടം 1987 ആവര്‍ത്തിക്കരുത്. മറ്റൊരു യാസിന്‍ മാലിക്കിനും സലാഹുദ്ദീനും ജന്മം നല്‍കരുത്. 87ല്‍ കശ്മീരിലെ വോട്ടവകാശം എടുത്തുകളഞ്ഞതു പോലെയും കശ്മീര്‍ ജനതയെ വിഭജിക്കാന്‍ ശ്രമിക്കുകയും ചെയ്യരുത്.

87ല്‍ സലാഹുദ്ദീനും യാസിന്‍ മാലിക്കിനും ജന്മം നല്‍കിയതുപോലെയുള്ള സാഹചര്യമാകും ഉണ്ടാവുകയെന്ന് ഞാന്‍ വിശ്വസിക്കുന്നു. അന്ന് ചെയ്തത് ആവര്‍ത്തിക്കുകയോ ഇടപെടുകയോ ചെയ്താല്‍  പി ഡി പിയെ അവര്‍ പിളര്‍ത്താനോ ശ്രമിച്ചാല്‍ പ്രത്യാഘാതം വളരെ അപകടകരമായിരിക്കും"- അവര്‍ പറഞ്ഞു. 

കഴിഞ്ഞമാസമാണ് ജമ്മു കശ്മീരില്‍ പി ഡി പിയുമായുള്ള സഖ്യത്തില്‍നിന്ന് ബി ജെ പി പിന്‍വാങ്ങിയത്.

content highlights: Break PDP and  face dangerous outcomes Mehbooba mufti warns Centre