
കൂനൂർ അപകടസ്ഥലത്ത് നിന്നുള്ള ദൃശ്യം | Photo: AFP
ന്യൂഡൽഹി: സംയുക്ത സേനാമേധാവി ബിപിന്‍ റാവത്ത് അടക്കം 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിനു പിന്നില്‍ അമേരിക്കയുടെ പങ്ക് ആരോപിച്ച് ചൈന. റഷ്യ- ഇന്ത്യ ആയുധ ഇടപാട് സംബന്ധിച്ചുള്ള അമേരിക്കയുടെ നിലപാടിന്റെ പശ്ചാത്തലത്തിലാണ് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസിന്റെ ട്വീറ്റ്. റഷ്യയുമായുള്ള എസ്- 400 മിസൈൽ ഇന്ത്യയിലേക്ക് എത്തിക്കുമ്പോൾ അമേരിക്ക ഉയർത്തിയ ആശങ്കയാണ് ഇതിന് കാരണമായി പ്രധാനമായും ചൈന ചൂണ്ടിക്കാട്ടുന്നത്.
എഴുത്തുകാരനും സ്ട്രാറ്റജിസ്റ്റുമായ ബ്രഹ്മ ചെൽനിയുടെ ട്വീറ്റ് ഉദ്ധരിച്ചു കൊണ്ടായിരുന്നു ഗ്ലോബൽ ടൈംസിന്റെ ആരോപണം. സംയുക്ത സേനാമേധാവി ജനറൽ റാവത്തിന്റെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടവും 2020ൽ തായ്വാന് ചീഫ് ജനറലിന്റെ ഹെലികോപ്റ്റർ അപകടവും തമ്മിൽ സാമ്യമുണ്ട് എന്നായിരുന്നു ചെൽനിയുടെ ട്വീറ്റ്. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലം ചൂണ്ടിക്കാട്ടിയായിരുന്നു ചെല്‍നിയുടെ പരാമര്‍ശം.
തായ്വാന് ചീഫ് ജനറൽ ഷെൻ യി മിങ് അടക്കം ഏട്ട് പേരാണ് അന്ന് കൊല്ലപ്പെട്ടത്. ഇതിൽ രണ്ട് മേജർ ജനറലും ഉൾപ്പെടും. രണ്ട് ഹെലികോപ്റ്റർ അപകടങ്ങളിലും പ്രതിരോധനിരയിലെ പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന ആളുടെ ജീവനെടുത്തു എന്നായിരുന്നു ചെൽനിയുടെ ട്വീറ്റ്. ഇത് പങ്കുവെച്ചു കൊണ്ടായിരുന്നു ഗ്ലോബൽ ടൈംസിന്റെ ആരോപണം.
ചെൽനിയുടെ വാക്കുകൾ സൂചിപ്പിക്കുന്നത് ഹെലികോപ്ടർ അപകടത്തിന് പിന്നിൽ അമേരിക്ക പങ്കുവഹിച്ചിട്ടുണ്ട് എന്നാണെന്ന് ഗ്ലോബല്‍ ടൈംസ് ആരോപിക്കുന്നു. ചൈനയെ പ്രതിസ്ഥാനത്തു നിർത്തിക്കൊണ്ടുള്ള ചെല്‍നിയുടെ ട്വീറ്റിനെ പ്രതിരോധിച്ചുകൊണ്ടായിരുന്നു ഗ്ലോബല്ടൈംസിന്റെ ഈ ട്വീറ്റ്. പ്രതിരോധശേഷിക്ക് കരുത്തേകാനായി ഇന്ത്യ റഷ്യയുടെ പക്കൽനിന്ന് വാങ്ങിയ എസ് -400 മിസൈലിനെതിനെ അമേരിക്ക ശക്തമായ ആശങ്ക അറിയിച്ചിരുന്നുവെന്നും ഗ്ലോബൽ ടൈംസ് ട്വീറ്റിൽ ചൂണ്ടിക്കാട്ടുന്നു.
എസ്-400ന്റെ അഞ്ച് യൂണിറ്റ് വാങ്ങാൻ 2018-ലാണ് ഇന്ത്യ റഷ്യയുമായി 550 കോടി ഡോളറിന്റെ (40,000 കോടി രൂപ) കരാറിൽ ഒപ്പിട്ടത്. റഷ്യ ഇന്ത്യക്ക് എസ്-400 ട്രയംഫ് മിസൈൽ സംവിധാനം കൈമാറിയതിൽ യു.എസ്. ആശങ്കയറിച്ചിരുന്നു. റഷ്യയിൽനിന്ന് ആയുധം വാങ്ങുന്ന രാജ്യങ്ങൾക്കെതിരേ ‘കാറ്റ്സ’ (കൗണ്ടറിങ് അമേരിക്കാസ് അഡ്വേഴ്സറീസ് ത്രൂ സാങ്ഷൻസ് ആക്ട്) പ്രകാരം അമേരിക്ക ഉപരോധമേർപ്പെടുത്താറുണ്ട്. എസ്-400 വാങ്ങിയാൽ ഇന്ത്യ നടപടി നേരിടേണ്ടിവരുമെന്ന് അന്ന് അമേരിക്കൻ പ്രസിഡന്റായിരുന്ന ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.