മുംബൈ: സ്വകാര്യവത്കരണത്തിന്റെ ഭാഗമായി പൊതുമേഖല എണ്ണക്കമ്പനിയായ ബിപിസിഎല്‍ (ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍) ജീവനക്കാര്‍ക്ക് വി.ആര്‍.എസ്(വളണ്ടറി റിട്ടയര്‍മെന്റ് സ്‌കീം) പദ്ധതി നടപ്പാക്കുന്നു. 45 വയസ്സിനു മുകളിലുള്ളവര്‍ക്കാണ് വിആര്‍എസ് സ്വീകരിക്കാനാകുക.
ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സ്വമേധയാ പിരിഞ്ഞുപോവാനുള്ള അവസരമാണ് ഇതിലൂടെ നല്‍കുന്നതെന്ന് ബിപിസിഎലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. 5-10 ശതമാനം ജീവനക്കാര്‍ ഈ ഓഫര്‍ തിരഞ്ഞെടുക്കുമെന്നാണ് ബിപിസിഎല്‍ പ്രതീക്ഷിക്കുന്നതെന്നും ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.
വിആര്‍എസ് തിരഞ്ഞെടുക്കുന്നവര്‍ക്ക് നഷ്ടപരിഹാരവും ഒപ്പം വിരമിച്ച ശേഷവും മെഡിക്കല്‍ ആനുകൂല്യങ്ങളും ലഭിക്കും.
വിആര്‍എസിന് താല്‍പര്യമുള്ളവര്‍ ഓഗസ്റ്റ് 13 നകം അപേക്ഷ നല്‍കണം. സെപ്റ്റംബര്‍ 30ഓടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കി തുടര്‍ നടപടികളിലേയ്ക്കു കടക്കും.
ഓഹരി വിറ്റഴിക്കല്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനാല്‍ ഭൂരിഭാഗം ജീവനക്കാരും അസംതൃപ്തരാണെന്നാണ് സംഘടനകള്‍ പറയുന്നത്. ഇതിനെതിരെ ജീവനക്കാരുടെ ഭാഗത്ത് നിന്നും പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു.
97, 247 കോടി രൂപയാണ് ബിപിസിഎല്ലിന്റെ വിപണി മൂലധനം.
Content Highlights: BPCL offers VRS option to employees ahead of privatisation