നംഗ്യാൽ സല്യൂട്ട് ചെയ്യുന്നു | Photo: Twitter | @ITBP-official
ഒരു ചെറിയ കുട്ടി കൃത്യതയോടെ സല്യൂട്ട് ചെയ്യുന്നത് ഏറെ രസകരവും ഒപ്പം ഗംഭീരവുമാണ് എന്നതിന് തെളിവാണ് നംഗ്യാലിന്റെ വീഡിയോയ്ക്ക് സാമൂഹികമാധ്യമങ്ങളില്‍ ലഭിച്ച സ്വീകാര്യത. ലഡാക്കിലെ വഴിയില്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഉദ്യോഗസ്ഥനെ കണ്ട് അസലായി സല്യൂട്ടടിച്ച കുഞ്ഞു മിടുക്കനാണ് നംഗ്യാല്‍. നംഗ്യാലിന്റെ വീഡിയോ അതിര്‍ത്തി രക്ഷാസേന തന്നെയാണ് ട്വിറ്റര്‍ പേജിലൂടെ ഷെയര്‍ ചെയ്തത്.
സംഘത്തെ കണ്ട് വഴിയരികില്‍ അച്ചടക്കത്തോടെ നില്ക്കുന്ന നംഗ്യാലിനെയാണ് വീഡിയോയില്‍ ആദ്യം കാണുക. അവര്‍ അടുത്തെത്തുന്നതോടെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ കാണുമ്പോള്‍ താഴത്തെ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ ചെയ്യുന്നതു പോലെ അവന് സല്യൂട്ട് ചെയ്യുന്നു. പിന്നീട് ഒരുദ്യോഗസ്ഥന് നല്കുന്ന 'സാവ്ധാന്'(attention), 'വിശ്രാം'(at ease) എന്നീ നിര്‍ദേശങ്ങളും അവന് പാലിക്കുന്നുണ്ട്.
'ചുഷൂലിലെ മിടുക്കനായ നംഗ്യാലിന് സല്യൂട്ട്' എന്ന കുറിപ്പോടെയാണ് ഒക്ടോബര്‍ എട്ടിന് പകര്‍ത്തിയ വീഡിയോ ഐടിബിപി ഷെയര്‍ ചെയ്തിരിക്കുന്നത്. വീഡിയോ ഇതിനോടകം 65,000 ത്തോളം പേര് കണ്ടു കഴിഞ്ഞു. ആയിരത്തി എണ്ണൂറോളം പേര് വീഡിയോ റീട്വീറ്റ് ചെയ്തു. പതിനായിരത്തിലധികം പേരാണ് വീഡിയോയോട് പ്രതികരിച്ചത്. ദേശസ്നേഹം നിറയുന്ന നിരവധി കമന്റുകള്‍ വീഡിയോയ്ക്ക് ലഭിച്ചു.
കുഞ്ഞുപോരാളി നംഗ്യാലിനായി സ്കോളര്‍ഷിപ്പിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. നംഗ്യാലിന്റെ മാതാപിതാക്കളെ സംബന്ധിക്കുന്ന വിവരങ്ങള്‍ അറിയിക്കാന്‍ ആദ്ദേഹം ഐടിബിപിയോട് ആവശ്യപ്പെട്ടു.
Content Highlights: Boy's Salute To ITBP Personnel In Ladakh Wins Twitter
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..