Photo Courtesy: ANI
ന്യൂഡല്‍ഹി: യു.എസ്. പ്രഥമവനിത മെലാനിയ ട്രംപിന്റെ ഡല്‍ഹി സ്‌കൂള്‍ സന്ദര്‍ശനവേളയിലെ രസകരമായ വീഡിയോ പങ്കുവെച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. നാനക്പുരയിലെ സര്‍വോദയ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലേതാണ് വീഡിയോ.
മെലാനിയയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി സ്‌കൂള്‍കുട്ടികള്‍ പഞ്ചാബി നൃത്തം- ഭാംഗ്ര അവതരിപ്പിച്ചിരുന്നു. വേദിയില്‍ നൃത്തം നടക്കുന്നതിനിടെ കാണികളായി ഇരുന്ന കുട്ടികളില്‍ ഒരാള്‍ എണീറ്റ് ചുവടുകള്‍ വെക്കുന്നതാണ് വീഡിയോയിലുള്ളത്. ഗഗന്‍ജിത്ത് എന്നാണ് ഈ കുട്ടിയുടെ പേരെന്ന് എന്‍.ഡി.ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
അതുവരെ വേദിയിലെ കുട്ടികളുടെ പ്രകടനം ആസ്വദിച്ചിരുന്ന മെലാനിയ, ഗഗന്‍ജിത്ത് ചുവടുകള്‍ വെക്കുന്നത് കണ്ടതോടെ അവിടേക്ക് നോക്കുന്നതും ചിരിച്ച് കൈയടിക്കുന്നതും കാണാം.
എന്നാല്‍ ഗഗന്‍ജിത്ത് നൃത്തം ചെയ്യാന്‍ ആരംഭിച്ചതോടെ മെലാനിയയുടെ സുരക്ഷാച്ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഓടിയെത്തി ഗഗന്‍ജിത്തിന്റെ പിന്നില്‍ നിലയുറപ്പിക്കുന്നുണ്ട്. ഗഗന്‍ജിത്താകട്ടെ ഇതൊന്നും ശ്രദ്ധിക്കാതെ നൃത്തം തുടരുകയും ചെയ്യുകയാണ്.
പ്രകൃതിദുരന്തങ്ങളുടെയും വ്യാപാരയുദ്ധങ്ങളുടെയും സാമൂഹിക കോളിളക്കങ്ങളുടെയും മഹാമാരികളുടെയും ഭാരംപേറുന്ന ലോകത്ത്, ഈ കുഞ്ഞിന്റെ അനിയന്ത്രിതമായ ആവേശം കാണുമ്പോള്‍ അല്‍പം ആശ്വാസം തോന്നുന്നു. മുമ്പിലിരിക്കുന്ന സെലിബ്രിറ്റിയെ കുറിച്ചോ പിറകിലെ സീക്രട്ട് സര്‍വീസ് ഏജന്റിനെ കുറിച്ചോ അവന് യാതൊരു ചിന്തയുമില്ല. ബല്ലേ..ബല്ലേ...-ഗഗന്‍ജിത്തിന്റെ നൃത്തത്തിന്റെ വീഡിയോ ക്ലിപ്പ് പങ്കുവെച്ചുകൊണ്ട് ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു.
നിരവധിയാളുകളാണ് ഗഗന്‍ജിത്തിന്റെ പ്രകടനത്തെ അഭിനന്ദിച്ച് എത്തിയിട്ടുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..